കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്വച്ഛതാ ഹീ സേവ 2026 ന്റെ ഭാഗമായി സംഘടിപ്പിച്ച ശുചിത്വ സന്ദേശ കൂട്ടയോട്ടം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

രാജപുരം: സ്വച്ഛതാ ഹീ സേവ കൈയ്യോട് കൈ, നിര്‍മ്മലം പുതുയുഗം ശുചിത്വ കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. തട്ടുമ്മല്‍ ടൗണില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
മാലിന്യമുക്തമായ ഒരു നാട് കെട്ടിപ്പടുത്ത് ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. എല്ലാവരും ഈ യജ്ഞത്തില്‍ പങ്കാളികളാകണമെന്നും, പ്ലാസ്റ്റിക് ക്യാരിബാഗുകളും ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ പഞ്ചായത്തില്‍ സ്ഥാപനതല എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം നിലവിലുണ്ടെന്നും, ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി

കൂട്ടയോട്ടത്തിന് ശേഷം പഞ്ചായത്ത് ഓഫീസ് പരിസരം ജീവനക്കാരും ജനപ്രതിനിധികളും ചേര്‍ന്ന് ശുചീകരിച്ചു. തുടര്‍ന്ന് നിര്‍മ്മലം പുതുയുഗം ശുചിത്വ കേരളം ക്യാമ്പയിന്റെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് പഞ്ചായത്ത് അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്‌ക്രീനില്‍ തത്സമയം പ്രദര്‍ശിപ്പിച്ചു. ചടങ്ങില്‍ നാട്ടുകാരടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഭൂപേഷ് കെ, സുരേഷ് വയമ്പ്, അസി. സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ വരയില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുമിത്രന്‍ ഒ.വി, ഹെഡ് ക്ലര്‍ക്ക് രാജേഷ് സി, മെമ്പര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *