മാവുങ്കാല്‍ : അജാനൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സേവനം നല്‍കുന്നതിന്റെ ഭാഗമായി ‘നിങ്ങളുടെ സൗകര്യം ഞങ്ങളുടെ മുന്‍ഗണന ‘എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് പരിശോധന സമയം ഒക്ടോബര്‍ ഒന്നു മുതല്‍ രാവിലെ എട്ടര മണി മുതല്‍ ആരംഭിച്ചു. എച്ച്.എം.സിയുടെ നേതൃത്വത്തില്‍ പുതുതായി ഒരു സ്റ്റാഫിനെ നിയമിച്ചുകൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. കാവ്യ, പഞ്ചായത്ത് മെമ്പര്‍ സജി, എച്ച്. എം. സി മെമ്പര്‍മാരായ വി, രാധാകൃഷ്ണന്‍, പി. പത്മനാഭന്‍, ലാബ് ടെക്‌നീഷ്യന്‍ സൂപ്പര്‍വൈസര്‍ സതീശന്‍ എന്നിവര്‍ സംസാരിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ. സി.ധനേഷ് സ്വാഗതവും ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.രാജി നന്ദിയും പറഞ്ഞു. രക്ത പരിശോധന ആവശ്യമുള്ള രോഗികള്‍ മുന്‍കൂട്ടി തന്നെ ഡോക്ടറെ കണ്ട് ഈ ഹെല്‍ത്ത് വഴി കമ്പ്യൂട്ടറും ലാബ് ടെസ്റ്റുകളും എന്റര്‍ ചെയ്യിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്.ഇതിനായി ഡോക്ടര്‍മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒ. പി ടിക്കറ്റ് എടുക്കുന്നതിന് വേണ്ടി ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ വരിനില്‍ക്കാതെ വേഗത്തില്‍ ഓ. പി ടിക്കറ്റ് എടുക്കുന്നതിനായി ക്യു ആര്‍ കോഡുകള്‍ ആരോഗ്യ കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി പതിവുപോലെ തന്നെ ആശുപത്രി റിസപ്ഷനില്‍ ചെന്ന് നേരിട്ടും ഒ. പി ടിക്കറ്റ് എടുക്കാവുന്നതാണ്. യു.എച്ച്. ഡി കാര്‍ഡുകള്‍ ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് കൈവശം വെക്കേണ്ടതാണെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.