കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശ രേഖ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ജയചന്ദ്രന്‍ പ്രകാശനം ചെയ്തു

രാജപുരം: പൊതുജനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവും സമയബന്ധിതവുമായി ഉറപ്പാക്കുന്നതിനായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശ രേഖ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ജയചന്ദ്രന്‍ പഞ്ചായത്ത് സെക്രട്ടറി മൈക്കിള്‍ കെ എഫിന് നല്‍കി പ്രകാശനം ചെയ്തു. പഞ്ചായത്തിന്റെ വിവിധ സേവനങ്ങള്‍, ഓരോ സേവനവും ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, ആവശ്യമായ രേഖകള്‍, സേവനം ലഭ്യമാക്കുന്നതിനുള്ള സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയവ പൗരാവകാശ രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൗരന്മാര്‍ക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും പഞ്ചായത്തില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളെക്കുറിച്ചും വ്യക്തമായ അറിവ് നല്‍കുന്നതിനൊപ്പം, സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് പൗരാവകാശ രേഖയിലൂടെ ലക്ഷ്യമിടുന്നത്.

പരാതികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും പരിഹാരം കാണുന്നതിനുള്ള സംവിധാനങ്ങളും രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ജനകീയവും ഉത്തരവാദിത്തപൂര്‍ണ്ണവുമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിനും പൗരാവകാശ രേഖ സഹായകരമാകും. ”ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സേവനങ്ങള്‍ അവരുടെ അവകാശമായി ഉറപ്പാക്കുകയും ചെയ്യുന്ന സുതാര്യ ഭരണത്തിന്റെ മറ്റൊരു പ്രധാന ചുവടുവെപ്പാണ് പൗരാവകാശ രേഖയുടെ പ്രസിദ്ധീകരണം. ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സമയബന്ധിതമായും സുതാര്യമായും ലഭ്യമാക്കുന്നതിനും ഭരണസംവിധാനത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും ഇത് സഹായകരമാകും,” എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. ജയചന്ദ്രന്‍ ചടങ്ങില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *