പാലക്കുന്ന്: കരള്‍ മാറ്റ ശസ്ത്രക്രിയ അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജെഷിന് വിവിധ നാട്ടുകൂട്ടായ്മകള്‍ക്കൊപ്പം സഹപാഠികളും അധ്യാപകരും ജീവനക്കാരും പൂര്‍വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കാളും കൈത്താങ്ങാവുന്നു. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി നെല്ലിയടുക്കത്തെ ദിനേശിന്റെയും സുനിതയുടെയും മകന്‍ ജെഷിന്‍ ഗുരുതരമായ കരള്‍ രോഗം ബാധിച്ച് 2020ല്‍ കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അന്ന് അമ്മയുടെ കരളിന്റെ ഒരു ഭാഗം പകുത്തു നല്‍കിയിരുന്നുവെങ്കിലും രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സാഹചര്യത്തില്‍ അടിയന്തര ചികിത്സയും മറ്റൊരു കരള്‍ മാറ്റ ശസ്ത്രക്രിയയുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കുട്ടിയുടെ കുടുംബത്തെ സഹായിക്കാന്‍ ഭീമമായ തുക കണ്ടെത്താന്‍ നാട്ടുകൂട്ടായ്കള്‍ പണം സമാഹരിച്ചു വരികയാണ്. ചികിത്സാ സഹായമായി ജെഷിന്‍ പഠിച്ചു കൊണ്ടിരുന്ന സ്‌കൂളില്‍ നിന്ന് 4,59,470 രൂപ ഇതിനകം സമാഹരിച്ചു. തുക സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ജിഷിന്റെ കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
സഹപാഠിക്കായി സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയ എം. രശ്മിക ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും 40000 രൂപയും കെ. അജിത്ത് 5500 രൂപയും സമാഹരിച്ചു. പൂര്‍വ വിദ്യാര്‍ഥികള്‍ നല്‍കിയ 2,61,600 രൂപയും പ്രിന്‍സിപ്പല്‍ എ. ദിനേശിന് കൈമാറിയിരുന്നു. സഹപാഠിയുടെ ജീവന്‍ രക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മുന്നിട്ടിറങ്ങി നടത്തിയ ഈ കാരുണ്യ പ്രവര്‍ത്തനം സമൂഹത്തിന് മാതൃകയാണെന്ന് പ്രിന്‍സിപ്പലും വിദ്യാഭ്യാസ സമിതി ഭാരവാഹികളും പറഞ്ഞു