കൊല്ലം: വഴി ചോദിക്കാനെന്ന വ്യാജേന എത്തി വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന ജിം ട്രെയിനറെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയന്‍കീഴ് ചിത്തിര വീട്ടില്‍ അര്‍ജുന്‍ (23) ആണ് പിടിയിലായത്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഓച്ചിറ ഇടയനമ്പലത്തിലെ ജിമ്മില്‍ ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 12-ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. ഇടക്കുളങ്ങര ക്ഷേത്രത്തിന് സമീപം സ്വന്തം വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന 78-കാരിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്റെ സ്വര്‍ണ്ണമാലയാണ് അര്‍ജുന്‍ പൊട്ടിച്ചെടുത്തത്. സ്‌കൂട്ടറിലെത്തിയ പ്രതി വഴി ചോദിക്കാനെന്ന വ്യാജേന വയോധികയുടെ അടുത്തെത്തുകയും, സമീപത്ത് ആളുകളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാല കവര്‍ന്ന് കടന്നുകളയുകയുമായിരുന്നു.
വയോധിക കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തിന് സമീപത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ക്ലാപ്പനയിലുള്ള വാടകവീട്ടില്‍ നിന്ന് നഷ്ടപ്പെട്ട മാല കണ്ടെടുക്കുകയുണ്ടായി. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.