ന്യൂഡല്‍ഹി: ഇനി കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടോ എന്നത് കര്‍ശനമായി പരിശോധിക്കണമെന്ന് സുപ്രീംകോടതി. മോട്ടോര്‍വാഹന നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സീറ്റ് ബെല്‍റ്റ് ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികള്‍, നിയമനടപടികളുടെ റിപ്പോര്‍ട്ട്, ചുമത്തിയ പിഴയുടെ രേഖകള്‍ എന്നിവയും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണം.
സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പേരിന് പാലിക്കേണ്ട ഒരു നടപടിക്രമമല്ലെന്നും ജീവന്‍ രക്ഷിക്കാനുള്ള സംവിധാനമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിയമം നടപ്പാക്കേണ്ടവര്‍ക്ക് ഇക്കാര്യത്തില്‍ കണ്ണടച്ചിരിക്കാനാകില്ലെന്നും കര്‍ശനമായി നിയമം നടപ്പാക്കണമെന്നും കോടതി പറഞ്ഞു. വാഹനാപകടങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് മരണത്തിന് കാരണമാകുന്നുണ്ടെന്ന് ഹര്‍ജിക്കാരനായ മലയാളി ഡോക്ടര്‍ ജ്യോതിദേവ് കേശവദേവിനുവേണ്ടി അഡ്വ. വില്‍സ് മാത്യു കോടതിയില്‍ ചൂണ്ടിക്കാട്ടി.
2005 മുതല്‍ പിന്‍സീറ്റിലുള്‍പ്പെടെ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് സംബന്ധിച്ച് കര്‍ശന നിയമമുണ്ടെങ്കിലും പിന്നിലിരിക്കുന്നവര്‍ ഇത് പാലിക്കുന്നത് ഇപ്പോഴും വളരെ കുറവാണെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. 2024ലെ വാഹനാപകട മരണങ്ങളില്‍ 80 ശതമാനത്തിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും പിന്‍സീറ്റിലെ യാത്രക്കാരില്‍ സീറ്റ് ബെല്‍റ്റ് ഉപയോഗം വെറും അഞ്ച് ശതമാനം മാത്രമാണെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
നിയമം നിലവിലുണ്ടെങ്കിലും അത് കൃത്യമായി നടപ്പാക്കുന്നതിലാണ് പ്രധാന വീഴ്ചയെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിയമനടപടികള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, പിഴ ചുമത്തല്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചത്. പിന്‍സീറ്റിലെ യാത്രക്കാരുടെ സുരക്ഷയിലും ഇനി കൂടുതല്‍ ശ്രദ്ധ വേണമെന്ന വ്യക്തമായ സന്ദേശമാണ് സുപ്രീംകോടതി ഇടപെടലിലൂടെ നല്‍കിയിരിക്കുന്നത്.