മദ്രസയില്‍ അരുംകൊലയ്ക്ക് തുല്യമായ ക്രൂരത; പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 11 വയസ്സുകാരിയെ പീഡിപ്പിച്ച മുന്‍ അധ്യാപകന്‍ പിടിയില്‍

തിരുവനന്തപുരം: പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പതിനൊന്നുകാരിയായ വിദ്യാര്‍ത്ഥിനിയെ മദ്രസയില്‍ വെച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ അധ്യാപകന്‍ അറസ്റ്റില്‍. വിഴിഞ്ഞം പുല്ലൂര്‍ക്കോണം കോണത്തു മേലേവീട്ടില്‍ എ.ആര്‍. സെയ്ദ് മുഹമ്മദ് (58) ആണ് പൊഴിയൂര്‍ പൊലീസിന്റെ പിടിയിലായത്. 2022-23 കാലയളവില്‍ മദ്രസയില്‍ അധ്യാപകനായി സേവനമനുഷ്‌കരിക്കവെയാണ് ഇയാള്‍ ക്രൂരകൃത്യം നടത്തിയത്.

2023-ല്‍ നടന്ന സംഭവത്തില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിയമനടപടികള്‍ പൂര്‍ത്തിയായി പ്രതി പിടിയിലാകുന്നത്. മദ്രസയില്‍ ഒപ്പം പഠിച്ചിരുന്ന പെണ്‍കുട്ടിയെ തന്റെ സ്വാധീനവും അധികാരവും ഉപയോഗിച്ച് ഭയപ്പെടുത്തിയാണ് പ്രതി നിരന്തരം പീഡനത്തിന് ഇരയാക്കിയത്. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന ഭീഷണിമൂലം കുട്ടി വിവരം പുറത്തുപറയാന്‍ ഭയപ്പെടുകയായിരുന്നു. പിന്നീട് കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലും തുടര്‍ അന്വേഷണത്തിലുമാണ് പീഡനവിവരം പുറത്തുവരുന്നത്.

തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലര്‍, പൂവാര്‍ സി.ഐയുടെ ചുമതലയുള്ള കണ്ണന്‍, പൊഴിയൂര്‍ സി.ഐ. എം.എസ്. അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ശക്തമായ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്ക് സുരക്ഷിതമെന്ന് കരുതുന്ന ആരാധനാലയങ്ങളിലും പഠനകേന്ദ്രങ്ങളിലും ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് സമൂഹത്തിന് വലിയ ആശങ്കയാണ് നല്‍കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *