ഏഴ് മണിക്കൂര്‍ കൊണ്ട് മംഗളൂരുവിലെത്തി; ബെംഗളൂരു- മംഗളൂരു വന്ദേ ഭാരത് രണ്ടാം ട്രയല്‍ റണ്‍ വിജയകരം

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് ആരംഭിക്കാനിരിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന്റെ രണ്ടാമത്തെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയായി. ബെംഗളൂരു യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും കൊണ്ട് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നു. സാധാരണ ട്രെയിനുകള്‍ക്ക് 9 മുതല്‍ 10 മണിക്കൂര്‍ വരെ യാത്രാസമയം വേണ്ടിവരുന്ന റൂട്ടിലാണ് വന്ദേ ഭാരത് വേഗത്തില്‍ ദൂരം പിന്നിട്ടത്.

രാവിലെ 6:50-ന് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്ക് 1:55-നാണ് മംഗളൂരുവില്‍ എത്തിയത്. മടക്കയാത്രയില്‍ ഉച്ചയ്ക്ക് 2:25-ന് പുറപ്പെട്ട് 6 മണിക്കൂറും 49 മിനിറ്റും കൊണ്ട് രാത്രി 9:14-ഓടെ യശ്വന്ത്പൂരില്‍ തിരികെയെത്തി. ഹാസന്‍, സകലേഷ്പൂര്‍, സുബ്രഹ്‌മണ്യ റോഡ്, കബക പുത്തൂര്‍ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകള്‍ അനുവദിച്ചിരുന്നത്. 16 കോച്ചുകളുള്ള ട്രെയിനാണ് ട്രയല്‍ റണ്ണിനായി ഉപയോഗിച്ചത്.

സെപ്റ്റംബര്‍ അഞ്ചിന് നടന്ന ആദ്യ ട്രയല്‍ റണ്ണില്‍ സകലേഷ്പൂര്‍-സുബ്രഹ്‌മണ്യ റോഡ് ചുരം മേഖലയില്‍ ഓവര്‍ഹെഡ് ഇലക്ട്രിക് ലൈനുകളിലെ സാങ്കേതിക തകരാര്‍ കാരണം യാത്ര വൈകിയിരുന്നു. ഇത് പരിഹരിച്ച ശേഷമാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ രണ്ടാമത്തെ ട്രയല്‍ റണ്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *