കാഞ്ഞങ്ങാട് മണ്ഡലത്തിലെ വികസന പദ്ധതികള്‍ വിലയിരുത്തി എം.എല്‍.എയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ അവലോകന യോഗം ചേര്‍ന്നു

കാഞ്ഞങ്ങാട് മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികളുടെ നിര്‍വ്വഹണം വേഗത്തിലാക്കുന്നതിനായി കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. കാഞ്ഞങ്ങാട് മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി സുഗമമാക്കുന്നതിനാണ് മണ്ഡലത്തിലെ സാംസ്‌ക്കാരിക, ടൂറിസം പദ്ധതികളുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തതെന്നും മുഴുവന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരും കൃത്യമായി പ്രവര്‍ത്തിച്ച് പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ പറഞ്ഞു. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എയുടെ നിര്‍ദ്ദേശപ്രകാരം ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷത വഹിച്ചു.

മടിക്കൈയിലെ സുബ്രഹ്‌മണ്യന്‍ തിരുമുമ്പ് സാംസ്‌കാരിക സമുച്ചയം, കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയര്‍, ദേശീയ പൈതൃക ഇടനാഴി, വെള്ളിക്കോത്ത് വിദ്വാന്‍ പി. കേളുനായര്‍ ദേശീയ സാംസ്‌കാരിക കേന്ദ്രം എന്നിവയുടെ നിര്‍മാണ പുരോഗതിയും മണ്ഡലത്തിലെ മറ്റ് പ്രധാന ടൂറിസം പദ്ധതികളുടെ ഘടനയും യോഗം സമഗ്രമായി ചര്‍ച്ച ചെയ്തു. പദ്ധതികളുടെ തുടര്‍നടപടികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

സുബ്രഹ്‌മണ്യന്‍ തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തിന്റെ പരിപാലനം, സെക്യൂരിറ്റി നിയമനം, സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന് ജില്ലാ കളക്ടര്‍ കെ.എസ്.എഫ്.ഡി.സിയ്ക്ക് നിര്‍ദ്ദേശം നല്‍കി. വെള്ളിക്കോത്ത് വിദ്വാന്‍ പി. കേളുനായര്‍ ദേശീയ സാംസ്‌കാരിക കേന്ദ്രം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ജില്ലാപഞ്ചായത്ത്, ജില്ലാ കളക്ടര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടര്‍, വെള്ളിക്കോത്ത് സ്‌കൂള്‍ ഭാരവാഹികള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മറ്റി രൂപീകരിച്ച് തീരുമാനങ്ങള്‍ എടുക്കും. കാഞ്ഞങ്ങാട് ടൗണ്‍സ്‌ക്വയര്‍ പ്രവൃത്തി 85 ശതമാനം പൂര്‍ത്തിയായതായി ടൂറിസം ഡെപ്യൂട്ടിഡയറക്ടര്‍ അറിയിച്ചു. സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു. ദേശീയ പൈതൃക ഇടനാഴിയുടെ പ്രൊജക്ട് സംബന്ധിച്ച് ഡി.പി.ആര്‍ സമര്‍പ്പിക്കാനായി വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യമാണ്. ഡി.പി.ആര്‍ തയ്യാറാക്കാന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിക്കും. മഞ്ഞംപൊതിക്കുന്ന് പ്രവൃത്തി 75 ശതമാനം പൂര്‍ത്തിയായതാതി ഏജന്‍സി അറിയിച്ചു. പ്രവൃത്തി 90 ശതമാനം പൂര്‍ത്തിയാകുമ്പോള്‍ ടെണ്ടര്‍ വിളിക്കാന്‍ ജില്ലാ കളക്ടര്‍ ഡി.ടി.പി.സിയോട് നിര്‍ദ്ദേശിച്ചു. റാണിപുരം ടൂറിസം കേന്ദ്രത്തിലെ പ്രവൃത്തികള്‍ പൂര്‍ത്തിയായെന്നും ഉദ്ഘാടന സജ്ജമാണെന്നും ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

യോഗത്തില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ വി.വി രമേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. ലത, പി. രഘുനാഥ്, വി. പ്രകാശന്‍, എല്‍.എസ്.ജി.ഡി ജെ.ഡി ഇന്‍ ചാര്‍ജ് കെ.വി ഹരിദാസ്, ഡി.ഡി ടൂറിസം നസീബ് എം.എ, പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ രവി കുമാര്‍, കാഞ്ഞങ്ങാട് ടൗണ്‍ പ്ലാനര്‍ എസ്. നിധിന്‍ കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി ജിജേഷ് കുമാര്‍ ജെ.കെ, നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി രാജ്മോഹന്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *