ലോക ആത്മഹത്യാ പ്രതിരോധ ദിനം: ജില്ലാതല ഉദ്ഘാടനം നടത്തി

ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം എടനീര്‍ എച്ച്.എച്ച്.എസ്.ഐ.ബി.എസ് സ്‌കൂളില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് സലീം എടനീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ധന്യ ദയാനന്ദ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജസ്‌ന മനാഫ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.എസ് മൊയ്തു ഗോളിയടുക്ക, ചെങ്കള ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശാന്തകുമാരി ടീച്ചര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി. പ്രഭാകരന്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.പി ഹസീബ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഗോപേഷ് ജി.കെ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അജയ് രാജന്‍ സ്വാഗതവും കുടുംബാരോഗ്യ കേന്ദ്രം ചെങ്കള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി ഗോപിനാഥ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ബോധവത്കരണ സെമിനാറില്‍ ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ.ശ്രീജിത്ത് കൃഷ്ണന്‍ ക്ലാസ്സെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സ്പോട് ക്വിസ് മത്സരം ജില്ലാ മാനസികാരോഗ്യ പരിപാടി ടീം നയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, എടനീര്‍ എച്ച്.എച്ച്.എസ്.ഐ.ബി.എസ് സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്റെ നേതൃത്വത്തില്‍ 2003 മുതല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 10 ലോക ആത്മഹത്യാ പ്രതിരോധദിനമായി ആചരിക്കുന്നു. ആത്മഹത്യയിലൂടെ ആളുകള്‍ മരിക്കുന്നത് തടയുന്നതിനുള്ള വിവിധ മാര്‍ഗങ്ങളെയും നടപടികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. പ്രതിവര്‍ഷം ഏഴ് ലക്ഷത്തിലധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ഈ മരണങ്ങള്‍ അവരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ആഴത്തില്‍ ബാധിക്കുന്നു. ആത്മഹത്യകളെക്കുറിച്ചുള്ള ധാരണകള്‍ മാറ്റി, സഹാനുഭൂതിയും പിന്തുണയും ഉറപ്പാക്കിക്കൊണ്ട് മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, അതുവഴി ആത്മഹത്യകള്‍ തടയുക എന്നതാണ് ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ലക്ഷ്യം. ‘ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റാം, സംസാരിച്ചു തുടങ്ങാം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഏതെങ്കിലും തരത്തിലുള്ള മാനസിക വിഷമതകളോ ആത്മഹത്യാ ചിന്തകളോ അലട്ടുന്നുവെങ്കില്‍ ദയവായി സഹായം തേടുക. കേരള സര്‍ക്കാരിന്റെ സൗജന്യ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1056 ലെക്കോ, ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പറായ 14416 ലെക്കോ ഏതു സമയത്തും ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *