കൊച്ചി: നഗരത്തില്‍ രേഖകളില്ലാതെ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് സംഘത്തെ പാലാരിവട്ടം പോലീസ് പിടികൂടി. ഇതിനിടയില്‍ സ്റ്റേഷനില്‍ വെച്ച് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട മുഖ്യപ്രതിക്കായി സിറ്റി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. ഹദിയുള്ള ഖാന്‍ (31) എന്നയാളാണ് സെപ്റ്റംബര്‍ 9-ന് രാത്രി എട്ടരയോടെ സ്റ്റേഷന്റെ ശൗചാലയ ജനല്‍ വഴി രക്ഷപ്പെട്ടത്.
വെണ്ണലയ്ക്ക് സമീപം സവിത റോഡില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ആറംഗ ബംഗ്ലാദേശ് സംഘത്തെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടിയത്. ബംഗ്ലാഡേശിലെ ബാഗെര്‍ഹാട്ട് മോറെല്‍ഗഞ്ച് സ്വദേശികളായ മുഹമ്മദ് ഇബ്രാഹിം (29), സക്കീര്‍ ഖാന്‍ (50), മുഹമ്മദ് ആരിഫ് (29), മുഹമ്മദ് ഉനുസ് ഖാന്‍ (41), ജോഷ്വാ ബീഗം (30) എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ഇതില്‍ ഉനുസ് ഖാനും ജോഷ്വാ ബീഗവും ദമ്പതിമാരാണ്.
കറുകപ്പള്ളിയിലും പരിസരങ്ങളിലുമായി ആക്രിക്കച്ചവടം നടത്തിവരികയായിരുന്നു ഇവര്‍. ഇന്ത്യക്കാരാണെന്ന വ്യാജേനയായിരുന്നു താമസം. പുലര്‍ച്ചെ മൂന്നരയോടെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ഇവരുടെ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ ബംഗ്ലാദേശി തിരിച്ചറിയല്‍ കാര്‍ഡുകളുടെ ചിത്രങ്ങള്‍ കണ്ടെത്തി. നുഴഞ്ഞുകയറി ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ കേരളത്തിലെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിരലടയാളം പകര്‍ത്തുന്നതിനിടെയാണ് ഹദിയുള്ള ഖാന്‍ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് ശൗചാലയത്തില്‍ കയറിയത്. ജനല്‍പാളിയിളക്കി സമീപത്തെ ക്ഷേത്രവളപ്പിലേക്ക് ചാടി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞയുടന്‍ ഡി.സി.പിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തുകയും റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ച് നഗരത്തില്‍ റെയ്ഡ് ശക്തമാക്കുകയും ചെയ്തു.