അരവത്ത് ‘പാട്ടും പറച്ചിലും’ പരിപാടി ശ്രദ്ധേയമായി

പാലക്കുന്ന് : നാടക പ്രേമികളുടെയും കലാകാരന്മാരുടെയും ഓര്‍മ്മകളില്‍ എന്നും ജീവിക്കുന്ന നാടക പാരമ്പര്യത്തിന് ഓര്‍മ്മച്ചെപ്പ് തുറക്കും പോലെ അരവത്ത് നടന്ന ‘പാട്ടും പറച്ചിലും’ പരിപാടി ശ്രദ്ധേയമായി. നാടകത്തിന്റെ അരങ്ങിലും അണിയറയിലും സ്വന്തം കൈയൊപ്പ് പതിപ്പിച്ച നാട്ടില്‍,പോയ കാല നാടകഗാനങ്ങളും അരങ്ങിലെ അനുഭവങ്ങളും പങ്കിടാന്‍ ഒട്ടേറെ നാടക പ്രേമികള്‍ ഒത്തുകൂടി. ‘നാടക് ‘ കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയും അരവത്ത് ഇ.കെ. നായനാര്‍ ഗ്രന്ഥാലയവും ചേര്‍ന്നാണ് സംഗമത്തിന് വേദിയൊരുക്കിയത്. പോയകാല നാടകഗാനങ്ങളും അരങ്ങനുഭവങ്ങളും കോര്‍ത്തിണക്കിയ ‘പാട്ടും പറച്ചിലും’ ആസ്വദിക്കാന്‍ നിരവധി പേര്‍ അരവത്ത് എത്തിയിരുന്നു.

അരങ്ങില്‍ വിയര്‍പ്പൊഴുക്കിയ കലാകാരന്മാരും, പിന്നണിയില്‍ അക്ഷീണം പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകരും നാടകത്തെ നെഞ്ചോട് ചേര്‍ത്തുനിന്ന ആസ്വാദകരും ചേര്‍ന്ന് സമ്പന്നമായ നാടകപാരമ്പര്യത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചാണ് എല്ലാവരും പിരിഞ്ഞത്. 12നും 13നും കാഞ്ഞങ്ങാട് നടക്കുന്ന നാടക് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംഗമം ഡോ. സന്തോഷ് പനയാല്‍ ഉദ്ഘാടനം ചെയ്തു. പ്രഭാകരന്‍ ചാലിങ്കാല്‍ അധ്യക്ഷനായി. ജില്ലാപ്രസിണ്ടന്റ് വിജയന്‍ കാടകം, കെ.ടി അനില്‍, ശശി ആറാട്ടുകടവ്, പപ്പന്‍ കുട്ടമത്ത്, അജയന്‍ ചാലിങ്കാല്‍, വി.വി. സുകുമാരന്‍, രാമകൃഷ്ണന്‍ വാണിയമ്പാറ, സതീശ് പനയാല്‍,വി.വി ശശിധരന്‍, ദാമോധരന്‍ കരിഞ്ചാല്‍, ദിനേശന്‍ വെള്ളിക്കോത്ത്, ശ്രീനാഥ് നാരായണന്‍, മണി അരവത്ത്, ടി. വി. നാരായണന്‍, കണ്ണാലയം നാരായണന്‍, വിജയന്‍ പൊള്ളക്കട, എന്നിവര്‍ പ്രസംഗിച്ചു. ദിവ്യാ ഹരീഷ്, അനഘ പ്രഭാകരന്‍, രാജേന്ദ്രന്‍ മീങ്ങോത്ത്, ഉദയന്‍ കാടകം, കിഷോര്‍ നാരായണന്‍, ഗോവിന്ദന്‍ അരവത്ത് എന്നിവര്‍ ഗാനങ്ങളാലപിച്ചു. പ്രദീപ് അരവത്ത്, ശ്രീകാന്ത് ചീകു, വിഷ്ണു പാലത്താട് നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *