സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരിനും കെഎസ്ഇബിക്കുമെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടയില്‍ ഇന്ന് നിര്‍ണ്ണായക യോഗം ചേരുന്നു. കടുത്ത വേനലില്‍ വൈദ്യുതിയുടെ വര്‍ധിച്ച ആവശ്യകത മുന്‍കൂട്ടി കണ്ട് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന ആക്ഷേപങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് മന്ത്രി സണ്ണി ജോസഫിന്റെ ചേംബറില്‍ രാവിലെ 11 മണിക്ക് യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്. കെഎസ്ഇബി ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഉപഭോഗം ഉയര്‍ന്നതും ഗ്രിഡിലെ ഫ്രീക്വന്‍സി കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. കല്‍ക്കരി ക്ഷാമം കാരണം ഉത്തരേന്ത്യയില്‍ ഉല്‍പാദനം കുറഞ്ഞതും കേന്ദ്രവിഹിതം വെട്ടിക്കുറച്ചതും സംസ്ഥാനത്തിന് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ ഹ്രസ്വകാല കരാറുകളുടെ ലഭ്യതക്കുറവും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള അടിയന്തര നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.