ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ ട്രാക്കിലേക്ക്; പരീക്ഷണ ഓട്ടം 2027 മേയ്-ജൂണില്‍ നടക്കും?

ഇന്ത്യയുടെ റെയില്‍വേ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടത്തിന് രാജ്യം സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നു. പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ബുള്ളറ്റ് ട്രെയിന്‍ 2027 മെയ്-ജൂണ്‍ മാസങ്ങളില്‍ ട്രാക്ക് പരിശോധനയ്ക്കായി ഇറങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഈ ഹൈസ്പീഡ് ട്രെയിനിന്റെ ആദ്യ ബോഡി ഫ്രെയിം വിജയകരമായി പൂര്‍ത്തിയാക്കുകയും, ഉയര്‍ന്ന വേഗതയിലെ സമ്മര്‍ദ്ദങ്ങള്‍ പ്രതിരോധിക്കാനുള്ള ശേഷി പരിശോധിക്കുന്ന നിര്‍ണ്ണായകമായ ‘സ്‌ക്വീസ് ടെസ്റ്റിനായി’ അയക്കുകയും ചെയ്തിട്ടുണ്ട്.

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍വേ കോറിഡോറിന്റെ ഭാഗമായ ഗുജറാത്തിലെ സൂററ്റ് മുതല്‍ വാപി വരെയുള്ള സെക്ഷന്റെ നിര്‍മ്മാണം ഈ വര്‍ഷം ഡിസംബറോടെ പൂര്‍ണ്ണമായും സജ്ജമാകുമെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത വര്‍ഷം പരീക്ഷണ ഓട്ടങ്ങള്‍ ആരംഭിക്കുന്ന ട്രെയിന്‍ മൂന്ന് മുതല്‍ നാല് മാസത്തെ കടുത്ത സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. ഈ അത്യാധുനിക റെയില്‍ ശൃംഖല യാഥാര്‍ത്ഥ്യമാകുന്നതോടെ വഡോദരയില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രാസമയം വെറും ഒന്നര മണിക്കൂറായി ചുരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനുപുറമെ, രാജ്യത്തെ ചരക്കുനീക്ക പാതകളുടെ വികസനത്തില്‍ വലിയൊരു ചുവടുവെപ്പായി പശ്ചിമ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ 326 കിലോമീറ്റര്‍ നീളമുള്ള മൂന്ന് പുതിയ സെക്ഷനുകള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഏകദേശം 20,700 കോടിയിലധികം രൂപ ചെലവഴിച്ചാണ് ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന ഈ പാതകള്‍ പൂര്‍ത്തിയാക്കിയത്. ഇത് ചരക്കുകളുടെ ദ്രുതഗതിയിലുള്ള നീക്കത്തിനും ലോജിസ്റ്റിക്‌സ് ചെലവുകള്‍ ഗണ്യമായി കുറയ്ക്കുന്നതിനും ഏറെ സഹായകരമാകും.

Leave a Reply

Your email address will not be published. Required fields are marked *