വീട് സമ്മാനമായി പ്രഖ്യാപിച്ച് കോടികളുടെ കൂപ്പണ്‍ തട്ടിപ്പ്; അന്വേഷണം വേണമെന്ന് കര്‍മസമിതി

കണ്ണൂര്‍: ലോട്ടറി നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അനധികൃതമായി സമ്മാനക്കൂപ്പണ്‍ അച്ചടിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി കാട്ടുപാലത്ത് ബെന്നി തോമസിനെതിരെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കര്‍മസമിതി. ഭാര്യയുടെ ചികിത്സയ്ക്കും വീടിന്റെ ജപ്തി ഒഴിവാക്കാനുമെന്ന പേരില്‍ സ്വന്തം വീടും വാഹനങ്ങളും സമ്മാനമായി പ്രഖ്യാപിച്ചാണ് പ്രതി വ്യാജ കൂപ്പണ്‍ അച്ചടിച്ച് വിറ്റത്. സംഭവത്തില്‍ എസ്.പി.ക്ക് പരാതി നല്‍കിയതായി കര്‍മസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

1,500 രൂപയുടെ 10,000 ടിക്കറ്റുകള്‍ മാത്രമേ അച്ചടിക്കുകയുള്ളൂവെന്ന് പറഞ്ഞിരുന്നെങ്കിലും പതിനായിരത്തിലധികം കൂപ്പണുകള്‍ വിറ്റ് പ്രവാസികളില്‍ നിന്നടക്കം പ്രതി മൂന്ന് കോടിയോളം രൂപ തട്ടിയെന്നാണ് ആരോപണം. കഴിഞ്ഞ ഡിസംബറില്‍ നറുക്കെടുപ്പിന് തൊട്ടുമുമ്പ് പോലീസ് റെയ്ഡ് നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും കൂപ്പണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. രണ്ടാം സമ്മാനമായി ജീപ്പും മൂന്നാം സമ്മാനമായി കാറും നാലാം സമ്മാനമായി ബുള്ളറ്റും പ്രഖ്യാപിച്ചാണ് പ്രതി ജനങ്ങളെ വിശ്വസിപ്പിച്ചത്.

തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് പ്രതി വീടിന്റെ ജപ്തി ഒഴിവാക്കിയെന്നും ഈ തുക ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും ആരോപണമുണ്ട്. പ്രതി സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോയും പ്രചരിപ്പിച്ചിരുന്നു. കേസില്‍ അന്വേഷണം സമഗ്രമാക്കണമെന്നും പ്രതിയുടെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച്, തട്ടിപ്പിലൂടെ വീണ്ടെടുത്ത സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും കര്‍മസമിതി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ കര്‍മസമിതി ഭാരവാഹികളായ ടി.കെ. ഹാരിസ്, പ്രവീണ്‍ കൃഷ്ണ, എ.വി. ഷെമിന്‍, ടി. പ്രശോഭ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *