രാജപുരം : പനത്തടി ഗ്രാമപഞ്ചായത്ത് വിളിച്ചുചേര്‍ത്ത അടിയന്തര ഭരണസമിതി യോഗത്തില്‍ 31 അജണ്ടകള്‍ ഉള്‍പ്പെടുത്തിയതില്‍ ക്രമപ്രശ്‌നം ഉന്നയിച്ച് ഭരണസമിതി അംഗങ്ങള്‍. കോണ്‍ഗ്രസ് അംഗം എന്‍. വിന്‍സന്റ്, ബിജെപി അംഗം കെ. കെ വേണുഗോപാല്‍ എന്നിവരാണ് ഭരണസമിതി യോഗത്തില്‍ ക്രമപ്രശ്‌നം ഉന്നയിച്ച് യോഗധ്യക്ഷന് കത്തു നല്‍കിയത്. അടിയന്തര ഭരണസമിതി യോഗങ്ങളില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തേണ്ടതും ചര്‍ച്ച ചെയ്യേണ്ടതും . എന്നാല്‍ 31 അജണ്ടകള്‍ കുറഞ്ഞ സമയത്ത് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ അംഗങ്ങള്‍ക്ക് അജണ്ടകള്‍ കൃത്യമായി പഠിക്കുന്നതിനും അവതരിപ്പിക്കുന്നതിനും അവസരം ലഭിക്കുന്നില്ലയെന്നു ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല ഉച്ചയ്ക്കുശേഷം 2.45ന് ആരംഭിച്ച ഭരണസമിതി യോഗത്തില്‍ ഇത്രെയും അജണ്ടകള്‍ ചര്‍ച്ചചെയ്യുന്നതിന് പരിമിതമായ സമയം മാത്രമാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു . ഇത് ജനങ്ങളോടുള്ള വെല്ലുവിളി ആണ്. കഴിഞ്ഞ മാസങ്ങളില്‍ ചേര്‍ന്ന അടിയന്തര യോഗങ്ങളിലും അജണ്ടകളുടെ എണ്ണം കൂടുതലായിരുന്നുവെന്നും ക്രമപ്രശ്‌നം ഉന്നയിച്ച് നല്‍കിയ കത്തില്‍ പറയുന്നു