ചെറുപനത്തടി: വായനാദിനാചരണത്തിന്റെ ഭാഗമായി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രശസ്ത എഴുത്തുകാരന്‍ അനുജിത്ത് ശശിധരനുമായുള്ള വിദ്യാര്‍ത്ഥി സംവാദം സംഘടിപ്പിച്ചു. സാഹിത്യരചനയുടെ അനുഭവങ്ങള്‍, വായനയുടെ പ്രാധാന്യം, പുസ്തകങ്ങള്‍ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം തുടങ്ങിയ വിഷയങ്ങളില്‍ എഴുത്തുകാരന്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച വിവിധ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും വായനാശീലം വളര്‍ത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
ഡിസി ബുക്‌സ് സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരത്തില്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ‘ജയോപാഖ്യാനം’, ‘1926 ക്രൈം @ കോട്ടയം എന്നീ കൃതികളുടെ രചയിതാവായ അനുജിത്ത് ശശിധരന്‍ തന്റെ എഴുത്തുയാത്രയിലെ അനുഭവങ്ങളും വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. പരിപാടി വിദ്യാര്‍ത്ഥികളില്‍ വായനയോടും സാഹിത്യത്തോടും കൂടുതല്‍ താല്‍പര്യം വളര്‍ത്തുന്നതിന് സഹായകമായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപറമ്പില്‍, അധ്യാപകര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.