ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം കാസര്‍ഗോഡ് ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് രഘുനാഥ് പി. നിര്‍വഹിച്ചു.
കായികരംഗത്ത് വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും മികച്ച പരിശീലന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി നിര്‍മ്മിച്ച ഈ കോര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്കും കായികപ്രേമികള്‍ക്കും പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. രവിചന്ദ്ര, സി.എഫ്.ഐ.സി. സെമിനാരി റെക്ടര്‍ ഫാ. ബിബിന്‍ വെള്ളാരംകല്ലില്‍, സെന്റ് മേരിസ് കോളേജ് ചെയര്‍മാന്‍ ഫാ. അലക്‌സ് എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെയും രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും ബാസ്‌ക്കറ്റ്‌ബോള്‍ ടീമുകള്‍ തമ്മില്‍ സൗഹൃദ മത്സരം സംഘടിപ്പിച്ചു. ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ച് കായികമികവും കൂട്ടായ്മയും പ്രകടമാക്കി. മത്സരത്തില്‍ സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജേതാക്കളായി.
വിജയികള്‍ക്കുള്ള ട്രോഫിയും മെഡലുകളും ചുള്ളിക്കര ഡോണ്‍ ബോസ്‌കോ സെമിനാരി റെക്ടര്‍ ഫാ. സണ്ണിയും അടോട്ടുകയം സെന്റ് തോമസ് പള്ളി വികാരി ഫാ. ജിന്റോയും ചേര്‍ന്ന് വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *