ഇരിയ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇരിയയിലെ പാറപ്പെരുതടി വര്‍ണ്ണം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ വിതരണവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു.
ക്ലബ്ബ് പ്രസിഡന്റ് രാജേഷ് ഇരിയ അധ്യക്ഷത വഹിച്ച യോഗം കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ശ്രീമതി സുമിത്ര ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി സുദിനന്‍ പാറപ്പെരുതടി സ്വാഗതം ആശംസിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ ശ്രീമതി സുമിത്ര സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ക്ലബ്ബ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു. ക്ലബ്ബ് ഖജാന്‍ജി നാരായണന്‍ കെ. കെ., വനിതാ കമ്മിറ്റി സെക്രട്ടറി രജനി കെ. വി., വനിതാ കമ്മിറ്റി ഖജാന്‍ജി ബേബി ബാബു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.