തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച അതിരടി ഇനി ഒടിടിയിലേക്ക്

തിയേറ്ററുകളില്‍ വന്‍ വിജയം കൊയ്ത ടൊവിനോ തോമസ്-ബേസില്‍ ജോസഫ്-വിനീത് ശ്രീനിവാസന്‍ ചിത്രം ‘അതിരടി’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 60 കോടിയിലേറെ രൂപ വാരിക്കൂട്ടി ഈ വര്‍ഷത്തെ ഏറ്റവും വലിയ അഞ്ചാമത്തെ മലയാളം ഗ്രോസറായി മാറിയ ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജൂണ്‍ മാസത്തില്‍ സ്ട്രീമിംഗ് ആരംഭിക്കുമെങ്കിലും ഔദ്യോഗിക തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെയ് 14-ന് റിലീസ് ചെയ്ത ചിത്രം തമിഴ് പതിപ്പിലൂടെയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഒരു പക്കാ മാസ് കോമഡി ക്യാമ്പസ് എന്റര്‍ടെയ്നറായ ‘അതിരടി’, യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചാണ് ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചത്. ടൊവിനോ, ബേസില്‍, വിനീത് എന്നിവര്‍ക്കൊപ്പം ഷാന്‍ റഹ്‌മാനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നു. പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശത്തിലാഴ്ത്തുകയും ചെയ്യുന്ന തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

നവാഗതനായ അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഡോ. അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സും ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. സമീര്‍ താഹിറും ടൊവിനോ തോമസും സഹനിര്‍മ്മാതാക്കളായ ചിത്രത്തില്‍ റിയ ഷിബു, ദര്‍ശന രാജേന്ദ്രന്‍, ജിയോ ബേബി തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. തിയേറ്ററുകളില്‍ വലിയ സ്വീകാര്യത ലഭിച്ച ചിത്രം ഒടിടി പ്ലാറ്റ്ഫോമിലും സമാനമായ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

Leave a Reply

Your email address will not be published. Required fields are marked *