പാലക്കുന്ന്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 5ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകള്‍ക്ക് സൗജന്യ കാന്‍സര്‍ നിര്‍ണയവും , രക്തദാന ക്യാമ്പും നടത്തുന്നു. ആള്‍ ഇന്ത്യ റെയില്‍വേമെന്‍സ് ഫെഡറേഷനും(എ ഐ ആര്‍ എഫ്), സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷന്‍ മസ്ദൂര്‍ യൂണിയനും (എസ് ആര്‍ എം യു) നാട്ടിലെ വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ സ്തനാര്‍ബുദ, ഗര്‍ഭാശയ രോഗ നിര്‍ണയ ക്യാമ്പും അതോടൊപ്പം രക്തദാന ക്യാമ്പും നടത്തുന്നു. അര്‍ബുദ പരിശോധന ക്യാമ്പ് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലും രക്തദാനം പാലക്കുന്ന് ട്രൂമെഡ് ഹോസ്പിറ്റലിലുമാണ് നടത്തുക. ‘കരുതലിലേക്കുള്ള യാത്ര’ (ജേര്‍ണി ഓഫ് കെയര്‍) എന്ന് പേരിട്ട ക്യാമ്പില്‍ അര്‍ബുദ നിര്‍ണയം മംഗ്ലൂരു ദേര്‍ളകട്ട കെഎസ് ഹെഗ്ഡെ ഹോസ്പിറ്റലിന്റെ നേതൃത്വത്തിലായിരിക്കും. ജില്ല ബ്ലഡ് ബാങ്ക് രക്തദാനം സ്വീകരിക്കും. 5ന് രാവിലെ 10 ന് ആരംഭിക്കുന്ന ക്യാമ്പ് കെ. നീലകണ്ഠന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍, മംഗ്ലൂരു റെയില്‍വേ മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്‌നേഹ, എസ് ആര്‍ യു അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജേര്‍ണി ഓഫ് കെയര്‍ ഗ്രൂപ്പ് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളില്‍ മാലിന്യ ശേഖരണ കൊട്ടകളും സ്ഥാപിക്കും. അമ്മയുടെ ഓര്‍മ്മയ്ക്കായി മുംബൈയിലെ ബിസിനസുകാരനായ കോട്ടിക്കുളം സ്വദേശി പ്രവീണ്‍ ബാലനാണ് ‘ജേര്‍ണി ഓഫ് കെയര്‍’ ഗ്രൂപ്പിന്റെ പേരില്‍ ലോക പരിസ്ഥിതി ദിനത്തില്‍ ഈ ക്യാമ്പ് നടത്തുന്നത്.