ചന്ദ്ര ദൗത്യങ്ങളില്‍ ബഹിരാകാശയാത്രികര്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുന്ന പുതിയൊരു മെറ്റീരിയല്‍ കണ്ടെത്തിയിരിക്കുകയാണ് നാസയിലെ ഗവേഷകര്‍. ചന്ദ്രോപരിതലത്തില്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനുള്ള ഏജന്‍സിയുടെ ശ്രമങ്ങള്‍ക്ക് ഈ കണ്ടുപിടുത്തം വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. നാസയുടെ ഗ്ലെന്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിനിടെയാണ് അപ്രതീക്ഷിതമായി ഈ വസ്തു കണ്ടെത്തിയത്.
കണ്ടെത്തല്‍ ഇങ്ങനെ
നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ഡോ. കെവിന്‍ യു, ഗ്ലെന്‍ റിസര്‍ച്ച് സെന്ററിലെ മെറ്റീരിയല്‍ റിസര്‍ച്ച് എഞ്ചിനീയര്‍ ഡോ. ജെയിംസ സ്റ്റോക്‌സ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ഗവേഷണത്തിനിടെയാണ് അജ്ഞാതമായ ഈ മെറ്റീരിയല്‍ ശ്രദ്ധയില്‍പ്പെട്ടത്. സിമുലേറ്റഡ് ചാന്ദ്ര പൊടി സ്‌കാന്‍ഡിയം ഓക്‌സൈഡുമായി ചേര്‍ത്ത് ഉയര്‍ന്ന താപനിലയുള്ള ചൂളയില്‍ ചൂടാക്കിയപ്പോഴാണ് ഈ പുതിയ സംയുക്തം രൂപപ്പെട്ടത്.
തുടര്‍ന്ന് നടത്തിയ എക്‌സ്-റേ വിശകലനത്തില്‍, ശാസ്ത്രലോകത്തിന് ഇതുവരെ അജ്ഞാതമായ ഒരു പദാര്‍ത്ഥമാണിതെന്ന് തെളിഞ്ഞു. ഒരു ദശലക്ഷത്തിലധികം പദാര്‍ത്ഥങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ഡാറ്റാബേസുമായി പൊരുത്തപ്പെട്ടു നോക്കിയെങ്കിലും ഒന്നിനോടും ഇത് സാമ്യമില്ലായിരുന്നു.
സവിശേഷതകള്‍
അത്യുഷ്ണത്തെ അതിജീവിക്കും: സാധാരണ അടുക്കള അടുപ്പുകളേക്കാള്‍ ആറ് മടങ്ങ് കൂടുതല്‍ ചൂട് സഹിക്കാന്‍ ഈ മെറ്റീരിയലിന് ശേഷിയുണ്ട്. ചന്ദ്രനിലെ പാറകള്‍ ഉരുകാന്‍ ആവശ്യമായ അങ്ങേയറ്റത്തെ താപനിലയെ വരെ ഇത് പ്രതിരോധിക്കും.
ഉപയോഗങ്ങള്‍: ചന്ദ്രനിലെ പാറകളില്‍ നിന്ന് ഓക്‌സിജനും ലോഹങ്ങളും വേര്‍തിരിച്ചെടുക്കുമ്പോള്‍, ഉരുകിയ ചന്ദ്ര പൊടി സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ക്കും പൈപ്പുകള്‍ക്കും ഈ മെറ്റീരിയല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കാം.
ജെറ്റ് എഞ്ചിനുകളില്‍: ഈ മെറ്റീരിയല്‍ ഭാരം കുറഞ്ഞതും സാന്ദ്രത കുറഞ്ഞതുമാണ്. ജെറ്റ് എഞ്ചിനുകള്‍ക്കുള്ളിലെ സംരക്ഷണ കോട്ടിംഗുകള്‍ക്ക് ഇത് മികച്ച താപ ഇന്‍സുലേഷന്‍ നല്‍കുമെന്ന് ഗവേഷകര്‍ പറയുന്നു.
നിര്‍മ്മാണ പ്രക്രിയ
തുടക്കത്തില്‍ സ്‌ട്രോബെറി പാലിന്റെ നിറത്തിലുണ്ടായിരുന്ന ഈ പൊടി, ചൂടാക്കിയതോടെ ഇളം ബീജ് അല്ലെങ്കില്‍ ടാന്‍ നിറത്തിലേക്ക് മാറി. നിലവില്‍ ഇതിന്റെ പ്രാരംഭ ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. ഭാവിയില്‍ ഇതിന്റെ പരിശുദ്ധി വര്‍ദ്ധിപ്പിക്കാനും ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാനുമുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രജ്ഞര്‍. ചന്ദ്രനിലേക്കും അതിനപ്പുറമുള്ള ബഹിരാകാശ ദൗത്യങ്ങളിലേക്കും മെറ്റീരിയല്‍ സയന്‍സില്‍ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ തുടക്കമാണിതെന്നാണ് നാസ വിലയിരുത്തുന്നത്.