ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ലയണ്‍സ് കേരള കോളേജ് പ്രീമിയര്‍ ലീഗ് ഉത്തര മേഖല ഫൈനലില്‍

കാസര്‍ഗോഡ്: ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ലയണ്‍സ് കേരള കോളേജ് പ്രീമിയര്‍ ലീഗ് ട്വന്റി 20 ഉത്തര മേഖല ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ തൃശൂര്‍ കേരളവര്‍മ്മ കോളേജിനെ 41 റണ്‍സിന് തോല്‍പ്പിച്ചാണ് സെന്റ് ജോസഫ്‌സ് ഫൈനലിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത സെന്റ് ജോസഫ്‌സ് കോളേജ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളവര്‍മ്മ കോളേജിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് മാത്രമാണ് നേടാനായത്.

മുന്‍നിര ബാറ്റര്‍മാരായ കാശിനാഥ്, അഭിറാം, അക്ഷയ് എന്നിവരുടെ ഉജ്ജ്വല ഇന്നിങ്‌സുകളാണ് സെന്റ് ജോസഫ്‌സ് കോളേജിനെ മികച്ച സ്‌കോറിലെത്തിച്ചത്. കാശിനാഥ് 30 പന്തുകളില്‍ നിന്ന് 52ഉം അഭിറാം 30 പന്തുകളില്‍ നിന്ന് 47ഉം അക്ഷയ് 24 പന്തുകളില്‍ നിന്ന് 39ഉം റണ്‍സെടുത്തു. അവസാന ഓവറുകളില്‍ കൂറ്റന്‍ ഷോട്ടുകളിലൂടെ സ്‌കോര്‍ ഉയര്‍ത്തിയ തേജസിന്റെ പ്രകടനവും ശ്രദ്ധേയമായി. തേജസ് എട്ട് പന്തുകളില്‍ നിന്ന് 24 റണ്‍സെടുത്തു. കേരളവര്‍മ്മ കോളേജിന് വേണ്ടി ജിഷ്ണുവും ജീവനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളവര്‍മ്മ കോളേജിന് ഓപ്പണര്‍ ആല്‍വിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് പ്രതീക്ഷ നല്‍കി. എന്നാല്‍ 19ആം ഓവറില്‍ ആല്‍വിന്‍ പുറത്തായത് ടീമിന് തിരിച്ചടിയായി. ആല്‍വിന്‍ 55 പന്തുകളില്‍ 12 ഫോറും മൂന്ന് സിക്‌സുമടക്കം 90 റണ്‍സ് നേടി. ക്യാപ്റ്റന്‍ ദീപക്, ഷാരോണ്‍ എന്നിവര്‍ 32 റണ്‍സ് വീതവും നേടി പുറത്തായി. സെന്റ് ജോസഫ്‌സിന് വേണ്ടി കാശിനാഥ് നാല് വിക്കറ്റ് വീഴ്ത്തി. 52 റണ്‍സ് നേടി ബാറ്റിങ്ങിലും തിളങ്ങിയ കാശിനാഥ് തന്നെയാണ് കളിയിലെ താരം.

Leave a Reply

Your email address will not be published. Required fields are marked *