ആര്‍.ജെ. ബാലാജി സംവിധാനം ചെയ്ത് സൂര്യ നായകനായി എത്തിയ ‘കറുപ്പ്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ആഗോളതലത്തില്‍ 200 കോടി രൂപ ബോക്‌സ് ഓഫീസ് കളക്ഷന്‍ പിന്നിട്ട ചിത്രം വിജയത്തിലേക്ക് കുതിക്കുകയാണ്. സൂര്യയുടെ മികച്ച പ്രകടനത്തിനൊപ്പം തന്നെ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഇന്ദ്രന്‍സ് അവതരിപ്പിച്ച ‘മട്ടാഞ്ചേരി സുകുമാരന്‍’ എന്ന കഥാപാത്രമാണ്. ചിത്രത്തിലെ ”എനിക്ക് ഗൂഗിള്‍ പേ ചെയ്യാന്‍ അറിയില്ല” എന്ന ഇന്ദ്രന്‍സിന്റെ ഡയലോഗ് വലിയ രീതിയില്‍ വൈറലായിരുന്നു.
യഥാര്‍ത്ഥ ജീവിതത്തിലും ഇന്ദ്രന്‍സിന് ഗൂഗിള്‍ പേ അറിയില്ല!
സിനിമയിലെ ആ ഡയലോഗ് വെറും അഭിനയമായിരുന്നില്ലെന്നും യഥാര്‍ത്ഥ ജീവിതത്തിലും തനിക്ക് ഗൂഗിള്‍ പേ ഉപയോഗിക്കാന്‍ അറിയില്ലെന്നും ഇന്ദ്രന്‍സ് വെളിപ്പെടുത്തി. സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് തന്നെ അടുത്തയിടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയുമായുള്ള ഒരു രസകരമായ അനുഭവവും ഇന്ദ്രന്‍സ് പങ്കുവെച്ചു. ”എല്ലാവര്‍ക്കും മെസേജുകള്‍ അയക്കുന്നതും ഫോണ്‍ കൈകാര്യം ചെയ്യുന്നതും എന്റെ മകനാണ്. ഒരു ദിവസം മമ്മൂട്ടി സാര്‍ എന്നെ വിളിച്ചപ്പോള്‍ മകനാണ് ഫോണെടുത്തത്. അപ്പോള്‍ അദ്ദേഹം അവനോട് ഫോണ്‍ എനിക്ക് കൈമാറാന്‍ പറഞ്ഞു. ‘എനിക്ക് നിന്നോട് എന്തെങ്കിലും രഹസ്യം പറയണമെങ്കില്‍ അവനോട് പറയാന്‍ പറ്റുമോ?’ എന്ന് അദ്ദേഹം ചോദിച്ചു. അന്ന് അദ്ദേഹം ചോദിച്ചതുകൊണ്ടാണ് ഞാന്‍ സ്വന്തമായി ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയത്. എങ്കിലും എനിക്കിപ്പോഴും അത് നന്നായി ഉപയോഗിക്കാന്‍ അറിയില്ല,” ഇന്ദ്രന്‍സ് പറഞ്ഞു.
‘കറുപ്പ്’ തരംഗമാകുന്നു
രണ്ട് പതിറ്റാണ്ടിന് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ ഹൈപ്പിലാണ് ‘കറുപ്പ്’ തിയേറ്ററുകളില്‍ എത്തിയത്. ഇരുവരുടെയും വേറിട്ട മേക്കോവര്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്. യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.