ഭാരം കുറയ്ക്കാന്‍ പഞ്ചസാര ഉപേക്ഷിക്കണോ 30 ദിവസത്തെ ഡയറ്റ് നല്‍കുന്ന ഗുണങ്ങള്‍

പഞ്ചസാരയെ ‘വെളുത്ത വിഷം’ എന്ന് വിശേഷിപ്പിക്കുന്നത് അതിന്റെ അമിതമായ ഉപയോഗം ശരീരത്തിന് ഉണ്ടാക്കുന്ന ദോഷഫലങ്ങള്‍ കണക്കിലെടുത്താണ്. ഒരു മാസത്തേക്ക് പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.
പഞ്ചസാര ഒഴിവാക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കുക മാത്രമല്ല, ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

സാധാരണയായി ഒരു മാസം മധുരം ഒഴിവാക്കുന്നതിലൂടെ 2.5 മുതല്‍ 3 കിലോ വരെ ഭാരം കുറയ്ക്കാന്‍ സാധിക്കും. മധുരപാനീയങ്ങള്‍, മിഠായികള്‍, കേക്ക്, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുന്നത് കലോറി വലിയ തോതില്‍ കുറയ്ക്കും. പഞ്ചസാരയുടെ അമിത ഉപയോഗം വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഇത് ഒഴിവാക്കുന്നത് വയറിലെ വീക്കം കുറയ്ക്കാനും സഹായിക്കും. 30 ദിവസം കഴിയുമ്പോഴേക്കും ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം ലഭിക്കുകയും മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ കുറയുകയും ചെയ്യും.

ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ ഈ ശീലം സഹായിക്കും. രക്തത്തിലെ ഇന്‍സുലിന്‍ അളവ് ക്രമീകരിക്കപ്പെടും. പഞ്ചസാര കഴിക്കുമ്പോള്‍ പെട്ടെന്ന് ഊര്‍ജ്ജം കൂടുകയും പിന്നീട് പെട്ടെന്ന് കുറയുകയും ചെയ്യും. ഇത് ഒഴിവാക്കുന്നതോടെ ദിവസം മുഴുവന്‍ ഒരേ നിലയിലുള്ള ഊര്‍ജ്ജം നിലനിര്‍ത്താന്‍ സാധിക്കും. ചായ, കാപ്പി എന്നിവയിലെ പഞ്ചസാര മാത്രമല്ല, വിപണിയില്‍ ലഭിക്കുന്ന പാക്കറ്റ് ജ്യൂസുകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയിലും വലിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. പഞ്ചസാര ഒഴിവാക്കുന്നതിനൊപ്പം കൃത്യമായ വ്യായാമവും പോഷകസമൃദ്ധമായ ഭക്ഷണവും ശീലിക്കുന്നത് ഭാരം കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കും.

Leave a Reply

Your email address will not be published. Required fields are marked *