അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍ കേട്ടാണ് സിവ ഉറങ്ങുന്നത് സാക്ഷി ധോണിയെ കണ്ട അനുഭവം പങ്കുവെച്ച് ജയറാം

നടന്‍ ജയറാം തന്റെ ഒരു ‘വിഐപി ആരാധിക’യെ നേരിട്ട രസകരമായ അനുഭവം പങ്കുവെച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയാണ് ജയറാമിനെ അമ്പരപ്പിച്ചത്.
തന്റെ പുതിയ തമിഴ് ചിത്രമായ ‘പരിമള ആന്‍ഡ് കോ’യുടെ പ്രചാരണ പരിപാടിക്കിടെയാണ് ജയറാം ഈ അനുഭവം വെളിപ്പെടുത്തിയത്.

ചെന്നൈയില്‍ ഐപിഎല്‍ മത്സരം കാണാനെത്തിയ ജയറാമിനെ കണ്ട് സാക്ഷി ഓടിവരികയും അദ്ദേഹത്തിന്റെ പാദങ്ങളില്‍ തൊട്ട് വന്ദിക്കുകയും ചെയ്തു. താന്‍ വലിയൊരു ആരാധകനാണെന്ന് അവര്‍ ജയറാമിനോട് പറഞ്ഞു. ധോണിയുടെയും സാക്ഷിയുടെയും മകള്‍ സിവയ്ക്ക് ജയറാം അഭിനയിച്ച സിനിമയിലെ പാട്ടുകളോട് വലിയ ഇഷ്ടമാണെന്ന് സാക്ഷി വെളിപ്പെടുത്തി. ജയറാം തകര്‍ത്തഭിനയിച്ച ‘അദ്വൈതം’ എന്ന സിനിമയിലെ ”അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ…’ എന്ന ഗാനം കേട്ടാണ് സിവ ഉറങ്ങാറുള്ളതെന്ന് സാക്ഷി പറഞ്ഞു. ഒരു മലയാളി ആയയാണ് സിവയ്ക്ക് ഈ പാട്ട് പരിചയപ്പെടുത്തിയത്. സാക്ഷിയെപ്പോലൊരാള്‍ വന്ന് കാലില്‍ വീണപ്പോള്‍ തനിക്ക് അത് വിശ്വസിക്കാനായില്ലെന്നും ആള്‍ മാറിപ്പോയതാണോ എന്ന് പോലും സംശയിച്ചെന്നും ജയറാം പറഞ്ഞു. നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജയറാമും ഉര്‍വശിയും ഒന്നിക്കുന്ന ചിത്രമാണ് ‘പരിമള ആന്‍ഡ് കോ’. ചിത്രം ജൂണ്‍ 05-ന് തിയേറ്ററുകളിലെത്തും. പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബു, മിഷ്‌കിന്‍, സാന്‍ഡി, സഞ്ജനാ കൃഷ്ണമൂര്‍ത്തി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *