ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സംഗീത വിരുന്നൊരുങ്ങുന്നു. ആഗോള സംഗീത ഇതിഹാസങ്ങളായ മഡോണ, ഷക്കീറ എന്നിവര്‍ക്കൊപ്പം കൊറിയന്‍ പോപ്പ് സെന്‍സേഷന്‍ ബിടിഎസും ഒന്നിക്കുന്ന മെഗാ ഷോയാണ് ഫൈനല്‍ മത്സരത്തിന്റെ ഹാഫ് ടൈമില്‍ അരങ്ങേറുക. ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഫൈനല്‍ മത്സരത്തിനിടെ ഒരു ഹാഫ് ടൈം ഷോ സംഘടിപ്പിക്കപ്പെടുന്നത്.
അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് ജൂലൈ 19ന് കലാശപ്പോരാട്ടം നടക്കുന്നത്. സൂപ്പര്‍ ബൗള്‍ മാതൃകയിലുള്ള ഈ സംഗീത പരിപാടിയുടെ പ്രഖ്യാപന വീഡിയോ പ്രശസ്ത ബാന്‍ഡ് ആയ കോള്‍ഡ്‌പ്ലേയുടെ ലീഡ് സിംഗര്‍ ക്രിസ് മാര്‍ട്ടിനാണ് പുറത്തുവിട്ടത്. ഫിഫയും ഗ്ലോബല്‍ സിറ്റിസണും സംയുക്തമായാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. ഏകദേശം 11 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പ്രകടനത്തില്‍ ലോകപ്രശസ്തരായ ഈ മൂന്ന് താരങ്ങളും അണിനിരക്കും.