12 വര്‍ഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു; ജര്‍മ്മനിയില്‍ ശിശുരോഗ വിദഗ്ധന്‍ പിടിയില്‍

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് തണലാകേണ്ട ഭിഷഗ്വരന്‍ തന്നെ ക്രൂരനായ വേട്ടക്കാരനായി മാറിയ ഞെട്ടലിലാണ് ജര്‍മ്മനി. കഴിഞ്ഞ 12 വര്‍ഷത്തിനിടെ നൂറ്റിമുപ്പതോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശിശുരോഗ വിദഗ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. ബര്‍ലിനിനടുത്തുള്ള ബ്രാന്‍ഡന്‍ബര്‍ഗ് സ്റ്റേറ്റിലെ വിവിധ ക്ലിനിക്കുകളില്‍ സേവനമനുഷ്ഠിച്ചിരുന്ന 46 വയസ്സുകാരനായ ഡോക്ടറാണ് പിടിയിലായത്. റാഥെനോവ്, നൗവെന്‍ എന്നിവിടങ്ങളിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ ദീര്‍ഘകാലമായി ഈ കൊടുംക്രൂരത തുടര്‍ന്നുപോന്നത്.

2013 ഡിസംബര്‍ മുതല്‍ കഴിഞ്ഞ നവംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ കുട്ടികളെ പരിശോധനയുടെ മറവില്‍ ഇയാള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. വര്‍ഷങ്ങളോളം ആരും അറിയാതെ തുടര്‍ന്ന ഇയാളുടെ ക്രൂരകൃത്യങ്ങള്‍ ഒടുവില്‍ ഒരു അമ്മയുടെ ധീരമായ ഇടപെടലിലൂടെയാണ് പുറംലോകമറിഞ്ഞത്. റാഥെനോ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ തന്റെ കുട്ടി ഡോക്ടറുടെ പക്കല്‍ നിന്നും മോശം അനുഭവം നേരിട്ടതായി മനസ്സിലാക്കിയ മാതാവ് നല്‍കിയ പരാതിയാണ് വലിയൊരു കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *