ആലപ്പുഴ: പാണാവള്ളിയില്‍ വയോധികനെ അയല്‍വാസിയും കുടുംബാംഗങ്ങളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സ്വദേശി വിജയനെയാണ് (64) അയല്‍വാസിയായ സത്താറും കുടുംബവും ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ വിജയന്റെ മൂക്കിന്റെ അസ്ഥി തകരുകയും ശരീരമാകെ മാരകമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണം തടയാനെത്തിയ വിജയന്റെ കുടുംബാംഗങ്ങള്‍ക്കും മര്‍ദ്ദനമേറ്റു.
വിജയനെ നേരത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സത്താറിനും കുടുംബത്തിനുമെതിരെ കോടതിയില്‍ നിലവിലുള്ള കേസിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് വീണ്ടും ആക്രമണത്തിന് വഴിവെച്ചത്. വിജയനെ സ്വന്തം വീട്ടില്‍ നിന്ന് വലിച്ചിഴച്ച് സത്താറിന്റെ വീട്ടുമുറ്റത്തെത്തിച്ച് തെങ്ങില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. വിജയന്റെ ഉടുമുണ്ടുരിഞ്ഞും മാരകായുധങ്ങള്‍ ഉപയോഗിച്ചുമായിരുന്നു ക്രൂരതയെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു.