മലയാളത്തിലേക്ക് ഒരു ‘ഏലിയന്‍ കോമഡി’ എത്തുന്നു; ‘പ്ലൂട്ടോ’ ടീസര്‍ പുറത്തിറങ്ങി

മനുഷ്യലോകത്തേക്ക് അപ്രതീക്ഷിതമായി എത്തുന്ന ഒരു ഏലിയനും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്

നീരജ് മാധവും അല്‍ത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന മലയാളത്തിലെ ആദ്യകാല സയന്‍സ് ഫിക്ഷന്‍ ഏലിയന്‍ കോമഡി ചിത്രം ‘പ്ലൂട്ടോ’യുടെ ടീസര്‍ പുറത്തിറങ്ങി. മനുഷ്യലോകത്തേക്ക് അപ്രതീക്ഷിതമായി എത്തുന്ന ഒരു ഏലിയനും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫണ്‍ എന്റര്‍ടൈനറായിട്ടാണ് ഒരുങ്ങുന്നത്. വിക്രമാദിത്യനും വേതാളവും എന്ന ഐതിഹ്യത്തെ അനുസ്മരിപ്പിക്കും വിധം നീരജ് മാധവിന്റെ തോളിലിരിക്കുന്ന അല്‍ത്താഫ് സലീമിന്റെ പോസ്റ്ററുകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അല്‍ത്താഫ് സലീമാണ് ചിത്രത്തില്‍ വേറിട്ട ലുക്കിലുള്ള ഏലിയന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘എങ്കിലും ചന്ദ്രികേ’ എന്ന സിനിമയ്ക്ക് ശേഷം ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മലയാളത്തില്‍ അധികം പരീക്ഷിക്കപ്പെടാത്ത ‘ഏലിയന്‍ കോമഡി’ എന്ന വിഭാഗത്തില്‍ എത്തുന്ന ‘പ്ലൂട്ടോ’, പുതുമയുള്ള ഒരു ചലച്ചിത്രാനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് നല്‍കുകയെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ഏലിയനും മനുഷ്യനും തമ്മിലുള്ള ആത്മബന്ധവും അതിനിടയില്‍ സംഭവിക്കുന്ന അബദ്ധങ്ങളും തമാശകളുമാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം.അര്‍ഷ ബൈജു, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഓര്‍ക്കിഡ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രെജു കുമാര്‍, രശ്മി രെജു എന്നിവര്‍ ചേര്‍ന്നാണ് പ്ലൂട്ടോ നിര്‍മ്മിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ എലമെന്റുകള്‍ക്കൊപ്പം മലയാളിക്ക് പ്രിയപ്പെട്ട ഹാസ്യവും കൂടി ചേരുന്നതോടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിനോദചിത്രങ്ങളില്‍ ഒന്നായി പ്ലൂട്ടോ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *