കേരളത്തില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. അടുത്ത മണിക്കൂറുകളില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.വേനല്‍മഴയുടെ സാധ്യത നിലനില്‍ക്കുമ്പോഴും സംസ്ഥാനത്ത് ചൂട് കുതിച്ചുയരുകയാണ്. ഏപ്രില്‍ 14 വരെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും; പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സാധാരണയേക്കാള്‍ 2°C മുതല്‍ 3°C വരെ ചൂട് കൂടാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും വായുവിലെ ഈര്‍പ്പവും കാരണം മലയോര മേഖലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടേക്കാം. കാര്‍മേഘം കണ്ട് തുടങ്ങുമ്പോള്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കുക. ഇടിമിന്നലിന്റെ ലക്ഷണമുണ്ടെങ്കില്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക. കടുത്ത ചൂട് നിലനില്‍ക്കുന്നതിനാല്‍ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ഉച്ചസമയത്ത് നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *