പേരാവൂര്‍ നിയോജകമണ്ഡലത്തിലെ നാലാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴായിരുന്നു സണ്ണി ജോസഫിന്റെ ഈ പ്രതികരണം യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടും; കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് സണ്ണി ജോസഫ്
കണ്ണൂര്‍: കേരളത്തില്‍ ഇത്തവണ യുഡിഎഫ് തരംഗമുണ്ടാകുമെന്നും നൂറിലധികം സീറ്റുകള്‍ നേടി മുന്നണി അധികാരത്തില്‍ വരുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫ് പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണെന്നും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ അനുകൂല തരംഗം ഇത്തവണയും ആവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ നാലാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴായിരുന്നു സണ്ണി ജോസഫിന്റെ ഈ പ്രതികരണം. തന്റെ വിജയസാധ്യതയെക്കുറിച്ചും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. പേരാവൂരില്‍ മൂന്ന് തവണ താന്‍ വിജയിച്ചതാണെന്നും നാലാം തവണയും വിജയം ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സര്‍വ്വേകളില്‍ താന്‍ പരാജയപ്പെടുമെന്ന് പ്രവചിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ സര്‍വ്വേയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.അതേസമയം മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച നികേഷ് കുമാറിനെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നികേഷ് കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കാടടച്ചു വെടിവെയ്ക്കുകയാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി. പാലക്കാട് വോട്ടിനായി പണം വിതരണം ചെയ്ത സംഭവത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പണാധിപത്യം ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ജനങ്ങള്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.