കാസര്‍ഗോഡ് ആറ് വയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂര പീഡനം; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ലീഗല്‍ സര്‍വീസസ് അതോറിറ്റിയും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

കാസര്‍ഗോഡ് ആറ് വയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂര പീഡനം; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കാസര്‍ഗോഡ് ആറ് വയസ്സുകാരനെ രണ്ടാനച്ഛന്‍ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ പോലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും കമ്മീഷന്‍ അടിയന്തരമായി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അയല്‍വാസി ജനലിലൂടെ പകര്‍ത്തിയതോടെയാണ് പുറംലോകം ഈ നടുക്കുന്ന വിവരങ്ങള്‍ അറിഞ്ഞത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ലീഗല്‍ സര്‍വീസസ് അതോറിറ്റിയും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രതിയായ ഷൗക്കത്തലി കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാല്‍ക്കവര്‍ വെച്ച് മറുവശത്ത് ആഞ്ഞടിക്കുകയും, കാലുകള്‍ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടുകയും ചെയ്യുന്ന മൃഗീയമായ പീഡനമാണ് കുട്ടി നേരിട്ടത്. മര്‍ദ്ദനമേറ്റ് കുട്ടി കരയുമ്പോള്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ വായില്‍ തുണി തിരുകുകയും ചെയ്തിരുന്നു. കുട്ടിയുടെ കണ്ണുകള്‍ക്ക് താഴെയും ശരീരമാസകലവും മര്‍ദ്ദനമേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ടെന്ന് മൊഴികളില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *