ജനാധിപത്യത്തില്‍ പങ്കുചേരാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് 102 വയസ്സുകാരിയായ അന്നമ്മ അബ്രഹാം. നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി, തന്റെ സമ്മതിദാന അവകാശം ഒരിക്കല്‍ കൂടി വിനിയോഗിച്ചപ്പോള്‍ ആ മുഖത്ത് തെളിഞ്ഞത് പൗരബോധത്തിന്റെ അഭിമാനം.പൊങ്കല്‍ ഇളയാനിതോട്ടത്തില്‍ പരേതനായ അബ്രഹാമിന്റെ ഭാര്യയാണ് അന്നമ്മ. ഇവര്‍ക്ക് ആറ് മക്കളാണുള്ളത് (ഇതില്‍ ഒരാള്‍ മരണപ്പെട്ടു). തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ പൊങ്കല്‍ സാംസ്‌കാരിക നിലയത്തിലെ 90-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ അന്നമ്മയ്ക്ക്, വാര്‍ദ്ധക്യസഹജമായ അവശതകള്‍ കാരണം ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ പ്രയാസമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹോം വോട്ടിങ് സംവിധാനം തുണയായത്.പോളിംഗ് ഉദ്യോഗസ്ഥര്‍ ഇളയാനിതോട്ടത്തില്‍ വീട്ടില്‍ നേരിട്ടെത്തി വോട്ടിംഗിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കി നല്‍കുകയായിരുന്നു. വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം പൂര്‍ണ്ണമായും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ ഇ.എം ശ്രീരഞ്ജിനി, മൈക്രോ ഒബ്‌സര്‍വര്‍ വി.കെ. രഞ്ജിത്ത്, അബ്ദുള്‍ റഹിമാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.