സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 2°C മുതല്‍ 3°C വരെ താപനില കൂടാന്‍ സാധ്യതയുള്ളതിനാലാണ് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
സംസ്ഥാനത്ത് വേനല്‍ച്ചൂട് കഠിനമാകുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 38°C വരെയും കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 37°C വരെയും ഉയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 36°C വരെ ചൂട് വര്‍ദ്ധിക്കുമെന്നാണ് പ്രവചനം. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 2°C മുതല്‍ 3°C വരെ താപനില കൂടാന്‍ സാധ്യതയുള്ളതിനാലാണ് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കൂടുന്നതിനാല്‍ മലയോര മേഖലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ വരും മണിക്കൂറുകളില്‍ അസ്വസ്ഥതയേറിയ കാലാവസ്ഥ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ജ്ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. ഉഷ്ണതരംഗ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.