പൂവാര്‍: പ്രവാസിയായ സുഹൃത്തിന്റെ വീട്ടില്‍ മോഷണം നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയ മുഖ്യസൂത്രധാരന്‍ പോലീസ് പിടിയിലായി. പൂവാര്‍ തെക്കേത്തെരുവ് സ്വദേശിയും ബോട്ട് സര്‍വീസ് പങ്കാളിയുമായ നൗഷാദിനെയാണ് (42) കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പൂവാര്‍ ആശുപത്രിക്കു സമീപം ഷാജഹാന്‍ മന്‍സിലില്‍ ഷാജഹാന്റെ വീട്ടില്‍നിന്ന് 37 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലാണ് നടപടി.
കഴിഞ്ഞ മാസം 28-നായിരുന്നു മോഷണം നടന്നത്. ഷാജഹാന്റെ അടുത്ത സുഹൃത്തായ നൗഷാദ്, വീട്ടില്‍ ആളില്ലാത്ത സമയം കൃത്യമായി മനസ്സിലാക്കിയാണ് മോഷണം ആസൂത്രണം ചെയ്തത്. മോഷണം നടത്താനായി സുഹൃത്തായ നൗഫലിനെ ഇയാള്‍ വിളിച്ചുവരുത്തുകയും താമസസൗകര്യം ഒരുക്കി നല്‍കുകയും ചെയ്തു. നൗഫലാണ് കേസിലെ ഒന്നാം പ്രതി. കൃത്യത്തിന് ശേഷം പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നു. ഒന്നാം പ്രതി നൗഫലിനായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കാഞ്ഞിരംകുളം എസ്.എച്ച്.ഒ. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. അറസ്റ്റിലായ നൗഷാദ് മുന്‍പും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി.