സയന്‍സ് ശതാബ്ദി പ്രദര്‍ശനത്തിന് ഗംഭീര തുടക്കം.

കാഞ്ഞങ്ങാട് :ക്വാണ്ടം സയന്‍സ് ശതാബ്ദി വാര്‍ഷികത്തോടനുബന്ധിച്ച് ശാസ്ത്ര നേട്ടങ്ങള്‍ സമൂഹത്തില്‍ എത്തിക്കുന്നതിനായി സംഘടിപ്പിച്ച ക്വാണ്ടം സയന്‍സ് എക്‌സിബിഷന്‍ പ്രമുഖ ജ്യോതി ശാസ്ത്ര പണ്ഡിതന്‍ പ്രഫ കെ. പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഗാലക്‌സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇ ചന്ദ്രശേഖരന്‍ എം.എല്‍ എ അധ്യക്ഷനായി. ശാസ്ത്ര ഗവേഷണങ്ങളുടെ ഗുണ ഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുമ്പോള്‍ മാത്രമേ ശാസ്ത്ര പുരോഗതി ലക്ഷ്യം കാണുകയുള്ളു വെന്ന് അദ്ദേഹം പറഞ്ഞു. ക്വാണ്ടം സയന്‍സ് പോക്കറ്റിലിട്ട് നടക്കുന്ന കാലമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

ക്വാണ്ടം സയന്‍സിന്റെയും സാങ്കേതിക വിദ്യകളുടെയും വാതിലുകള്‍ പൊതു ജനങ്ങള്‍ക്കായി തുറന്നിടുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പ്രദര്‍ശനത്തിന് നേതൃത്വം കൊടുക്കുന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വെബ് പോര്‍ട്ടലായ ലൂക്കയാണ്. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ കലാശാലയിലെ ശാസ്ത്ര സമൂഹ കേന്ദ്രം, വിവിധ സര്‍വകലാശാലകള്‍, കോളേജകള്‍, ബഹു ജന സംഘടനകള്‍ എന്നിവയുടെ പിന്തുണയോടെയാണ് കാഞ്ഞങ്ങാട് നെഹ്‌റുവില്‍ ആറു ദിവസത്തെ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണി വരെയാണ് പ്രദര്‍ശന സമയം. ആറു മണിയോടെ സ്റ്റാളുകളിലേക്കുള്ള പ്രവേശനം അവസാനിപ്പിക്കും. കുട്ടികളുടെ ഓണ്‍ ലൈന്‍ വഴി റെജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കു പുറമെ പൊതു ജനങ്ങളും പ്രദര്‍ശനം കാണാനെത്തും. കാഞ്ഞങ്ങാട് നഗര സഭ ചെയര്‍മാന്‍ വി.വി. രമേശന്‍, നീലേശ്വരം നഗര സഭ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, നഗരസഭ കൗണ്‍സിലര്‍ പി.വി. മണി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളായ എം ദിവാകരന്‍, എ.എം ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ ഡോ. റീജ പി.വി., ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എം. മധുസൂദനന്‍,ഡോ. ശാലിനി എന്‍.ജി. ഡോ. ശാലിനി കെ,വിനോദ് കുമാര്‍ വി,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഭിരാം കെവി ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി.പി. രാജന്‍, എ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ജില്ലാതല ക്വിസ് മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സമാപന സമ്മേളനം ജനുവരി 9 ന് ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *