ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള തീരുമാനത്തിനെതിരെയും പദ്ധതിയുടെ പേരില്‍ നിന്നും മഹാത്മാഗാന്ധിയെ വെട്ടി മാറ്റിയ മോദിയുടെ ബിജെപി ഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെയും എല്‍ഡിഎഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് ബഹുജന റാലിയും ധര്‍ണ്ണയും സംഘടിപ്പിച്ചു. കോട്ടച്ചേരിയില്‍ നിന്നും ആരംഭിച്ച ബഹുജന റാലി നഗരം ചുറ്റി പുതിയ കോട്ട വഴി പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന സമരം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്ന വിഭാഗത്തിന് ആശ്വാസം നല്‍കുന്ന തൊഴിലുറപ്പ് പദ്ധതിയെ തകര്‍ത്തെറിഞ്ഞ് സമ്പന്ന വര്‍ഗ്ഗ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങളെ ചെറുത്തുനോല്‍പ്പിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് എം.എല്‍ എ പറഞ്ഞു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി. പി.ബാബു, വി. വി. രമേശന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, സി. ബാലന്‍, പി. പി. രാജു, വി. വി. കൃഷ്ണന്‍, ഹമീദ് ഹാജി, അനന്തന്‍ നമ്പ്യാര്‍, സുരേഷ് പുതിയടത്ത്, രതീഷ് പുതിയപുരയില്‍ എന്നിവര്‍ സംസാരിച്ചു. ബഹുജന മാര്‍ച്ചിലും ധര്‍ണ്ണയിലും നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.