ശാസ്ത്ര രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ക്വാണ്ടം പൂച്ച ജനുവരി 4 ന് കാഞ്ഞങ്ങാടെത്തുന്നു

റെജിസ്‌ട്രേഷന്‍ ആരംഭിച്ചു.

കാഞ്ഞങ്ങാട് : വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ എര്‍വിന്‍ ഷ്രോഡിങ്ങറുടെ ക്വാണ്ടം പൂച്ച അടുത്തമാസം നാലിന് കാഞ്ഞങ്ങാട് എത്തും.
‘കാക്കയും പ്രാവും പറക്കുന്ന പോലെന്തെന്‍ പൂച്ച പറക്കാത്തതെന്തു കൊണ്ടെന്ന്’ പാട്ടുപാടി കടു കട്ടിയായ ക്വാണ്ടം സയന്‍സ് ലളിതമായി പറഞ്ഞുതരും.
പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം പഠിച്ച ഡോ. സി.വി രാമന്റെ മുറി, മേരി ക്യൂറിയുടെ മേശ എന്നിവ വിവരിച്ചു തരും. ഫ്‌ലൂറസെന്റിന്റെ തിളക്കത്തിന് പിന്നിലെ രഹസ്യത്തിന്റെ ചുരുളഴിക്കും.
അണു ഘടനയും സൗരയൂഥവും വരെ വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ അറിയാം.
ഐക്യരാഷ്ട്ര സംഘടന ക്വാണ്ടം സിദ്ധാന്തത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ( കുസാറ്റ്) ശാസ്ത്ര സാമൂഹ്യ കേന്ദ്രം മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്നതാണ് ക്വാണ്ടം പൂച്ചയുടെ കേരള പര്യടനമെന്ന് പേരിട്ട ശാസ്ത്ര മാമാങ്കം. ക്വാണ്ടം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടം ലോകമെങ്ങും ആഘോഷിക്കുന്ന വേളയില്‍ കാഞ്ഞങ്ങാട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ആണ് കാസര്‍കോട് ജില്ലയില്‍ പ്രദര്‍ശനത്തിന് വേദിയൊരുക്കുന്നത്. ഓരോ സ്ഥാപനത്തില്‍ നിന്നും 100 വീതം കുട്ടികള്‍ക്ക് ജില്ല ഇതുവരെ കണ്ടിട്ടില്ലാത്തത്രയും വിപുലമായ ശാസ്ത്ര വിജ്ഞാനമേളയില്‍ പങ്കെടുക്കാം. ഓണ്‍ ലൈന്‍ വഴിയാണ് റെജിസ്‌ടേഷന്‍.
എല്ലാ ദിവസവും രാവിലെ 9 മണി തൊട്ട് 7 മണി വരെ നടക്കുന്ന പ്രദര്‍ശനത്തിന് നെഹ്‌റു കോളേജും ശാസ്ത്ര സാഹിത്യ പരിഷത്തും ലൂക്കാ പോര്‍ട്ടലും സംയുക്തമായാണ് നേതൃത്വം നല്‍കുന്നത്. ലൂക്ക സയന്‍സ് പോര്‍ട്ടലില്‍ ( Luca. Co.in) ഓരോ സ്ഥാപനവും വിദ്യാര്‍ഥികളുടെ എണ്ണവും തീയതിയും സമയവും രേഖപ്പെടുത്തി ടൈം സ്ലോട്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.എല്ലാ ദിവസവും രാവിലെ 9 തൊട്ട് വൈകിട്ട് 7 മണി വരെയാണ് പ്രദര്‍ശനം. ക്വാണ്ടം ശാസ്ത്രത്തിന്റെ ആരംഭ കാലം, ഇന്ത്യന്‍ സംഭാവനകള്‍, ആവര്‍ത്തന പട്ടികയിലെ മൂലകങ്ങള്‍, റേഡിയേഷന്‍ കാണാവുന്ന ക്ലൗഡ് ചേമ്പറുകള്‍,പരീക്ഷണങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, മോഡലുകള്‍,മത്സരങ്ങള്‍, ഹോളോഗ്രാം,സ്റ്റിമുലേഷനുകള്‍ വെര്‍ച്ചല്‍ റിയാലിറ്റി, ലേസര്‍ പരീക്ഷണങ്ങള്‍ എന്നിവയുടെ സമന്വയം ആണ് പ്രദര്‍ശനത്തിലെ സവിശേഷത. പ്രത്യേകം പരിശീലനം ലഭിച്ച കോളേജ് വിദ്യാര്‍ത്ഥികളാണ് ശാസ്ത്രസംവാദത്തിന് നേതൃത്വം നല്‍കുക.

എന്താണ് ക്വാണ്ടം പൂച്ച ?

ക്വാണ്ടം വസ്തുക്കളുടെ സ്വഭാവം ചര്‍ച്ച ചെയ്യാന്‍ 1935 ല്‍ എര്‍വിന്‍ ഷ്രോഡിംഗര്‍ ഒരു ചിന്താ പരീക്ഷണം തയ്യാറാക്കി. ഒരു ഇരുട്ടുമുറിയില്‍ സ്റ്റീല്‍പ്പെട്ടിയില്‍ ഒരു പൂച്ച,
ഒരു റേഡിയോ ആക്ടീവ് പദാര്‍ത്ഥം,
റേഡിയോ ആക്ടീവ് കണം പുറത്തേക്ക് വന്നാല്‍ പൊട്ടി വീഴാന്‍ പാകത്തില്‍ ക്രമീകരിച്ച ചുറ്റിക ചുറ്റിക, വീണാല്‍ പൊട്ടും വിധത്തില്‍ വച്ചിരിക്കുന്ന ഒരു കുപ്പി വിഷവാതകം, കുപ്പി പൊട്ടിയാല്‍ പൂച്ച ചാവും. എന്നാല്‍ കണം പുറത്തേക്ക് വരുന്നില്ലെങ്കില്‍ പൂച്ച ജീവിച്ചിരിക്കും.
എന്നാല്‍ പുറത്തുനിന്നുകൊണ്ട് പെട്ടിക്കുള്ളില്‍ എന്ത് സംഭവിക്കുന്നു എന്ന് നമുക്ക് പറയാന്‍ കഴിയില്ല.
എന്നാല്‍ ക്വാണ്ടം മെക്കാനിക്‌സ് നിയമപ്രകാരം പെട്ടിയില്‍ നിന്ന് ഒരേസമയം കണം പുറത്തേക്ക് വന്നു വന്നില്ല എന്ന അവസ്ഥയിലാണ്. അത് പ്രകാരം ചുറ്റിക വീണു വീണില്ല അതായത് പൂച്ച ഒരേസമയം ജീവിച്ചിട്ടുമുണ്ട്. മരിച്ചിട്ടുമുണ്ട്. എന്ന സൂപ്പര്‍ പൊസിഷന്‍ അവസ്ഥ. എന്നാല്‍ നിങ്ങള്‍ പെട്ടി തുറക്കുകയാണെങ്കില്‍ നേരത്തെ പറഞ്ഞ സൂപ്പര്‍ പൊസിഷന്‍ അവസ്ഥ അപ്രത്യക്ഷമാകുന്നു. അന്‍പത് ശതമാനം സാധ്യതയോടെ നിങ്ങള്‍ ഒരു ജീവനുള്ള പൂച്ചയെ കാണും. അന്‍പത് ശതമാനം സാധ്യതയോടെ നിങ്ങള്‍ ഒരു ചത്ത പൂച്ചയെ കാണും. ക്വാണ്ടം മെക്കാനിക്‌സ് എന്ന ശാസ്ത്രശാഖയുടെ നേരത്തെയുള്ള കോപ്പന്‍ ഹേഗന്‍ വ്യാഖ്യാനത്തിലെ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടാന്‍ വേണ്ടി നടത്തിയ ഒരു ചിന്താ പരീക്ഷണമാണിത്. ഒരു പൂച്ചയ്ക്ക് യഥാര്‍ത്ഥത്തില്‍ ഇങ്ങനെ സംഭവിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *