കൊച്ചി: സിവില്‍ പോലീസ് ഓഫീസറെ (CPO) ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ ബൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു. കേസില്‍ പ്രതിയായ എസ്.ഐയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നാണ് വിവരം.
സി.പി.ഒ സ്പായില്‍ പോയി മടങ്ങിയതിന് പിന്നാലെ അവിടുത്തെ ജീവനക്കാരിയുടെ മാല നഷ്ടമായിരുന്നു. മാല നഷ്ടപ്പെട്ടെന്ന് കാണിച്ച് ജീവനക്കാരി സി.പിഒയ്ക്കെതിരെ പരാതി നല്‍കി. ഈ വിഷയത്തില്‍ ഇടനിലക്കാരനായി നിന്നത് എസ്.ഐ ബൈജു ആയിരുന്നു.
സി.പി.ഒ സ്പായില്‍ പോയ കാര്യം ഭാര്യയോട് പറയുമെന്നും, വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്നും എസ്.ഐ ഭീഷണിപ്പെടുത്തി. ഈ ഭീഷണിയില്‍ വിശ്വസിച്ച സി.പിഒയില്‍ നിന്ന് നാല് ലക്ഷം രൂപയാണ് എസ്.ഐ കൈക്കലാക്കിയത്.
കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയതോടെ സി.പി.ഒ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്.ഐ ബൈജു തട്ടിപ്പ് നടത്തിയതായി പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. കേസില്‍ സ്പാ നടത്തുന്ന യുവതി അടക്കം മൂന്ന് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.