തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹ വാഗ്ദാനം നല്‍കി 16കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. 40 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. നഗരൂര്‍ സ്വദേശി അനീഷിനെയാണ് വര്‍ക്കല അതിവേഗ കോടതി ശിക്ഷിച്ചത്. 2015ല്‍ അയിരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
16കാരിയുടെ വീട്ടില്‍ കരാര്‍ പണിക്ക് എത്തിയ വിവാഹിതനായ അനീഷ്, പെണ്‍കുട്ടിയോട് പ്രേമം നടിച്ച് അടുത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി താലികെട്ടി വിവാഹം കഴിച്ചതായി നടിച്ചു. തുടര്‍ന്ന് പ്രതിയുടെ വാടകവീട്ടില്‍ എത്തിച്ച് കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് വീണ്ടും കുട്ടിയെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങിയില്ല. തുടര്‍ന്ന് കുട്ടിയുടെ മുഖത്തടിച്ചു. പ്രതിയുടെ ആദ്യ ഭാര്യയും കുട്ടികളും പ്രതിയെ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇയാള്‍ വിവാഹിതനാണെന്ന കാര്യം കുട്ടി അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.