കാര്‍ബണ്‍തുലിത ഇടപെടലുകള്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറായി

കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിന് പരിസ്ഥിതി പുന:സ്ഥാപന പ്രവര്‍ത്തനങ്ങളും കാര്‍ബണ്‍തുലിത അന്തരീക്ഷവും സൃഷ്ടിക്കുന്നതിന് വിവിധ മേഖലകളിലെ സംയോജിത ഇടപെടല്‍ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഹരിതകേരളം മിഷന്‍ മുഖേന നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ ജനങ്ങളിലൂടെ പ്രൊജക്ടിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് നടത്തിയ കോര്‍ഗ്രൂപ്പ് അംഗങ്ങളുടെ ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര ഊര്‍ജ്ജ സുരക്ഷ പ്രാധാന്യം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്. സെക്രട്ടറി പി.കെ.സജീവ് സ്വാഗതം പറഞ്ഞു. നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ മോഡറേറ്ററായി പ്രവര്‍ത്തിച്ചു. നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ത് എന്തിന് എന്ന വിഷയം റിട്ട.പ്രൊഫസര്‍ എം.ഗോപാലനും കാര്‍ഷിക മേഖലയും കാര്‍ബണ്‍ തുലിത പ്രവര്‍ത്തനങ്ങളും പിലിക്കോട് ഉത്തരമേഖല പ്രാദേശികൃഷി ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ പ്രൊഫസര്‍ ഡോ.ടി.വനജയും പച്ചതുരുത്ത് അതിജീവനത്തിന് ചെറു വനങ്ങള്‍ എന്ന വിഷയം ഹരിതകേരളം മിഷന്‍ റിസോഴ്സ്പേഴ്സണ്‍ പി.വി.ദേവരാജനും ‘അധിനിവേശ സസ്യ നിര്‍മ്മാര്‍ജനം ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.എം.അഖിലയും മാലിന്യ സംസ്‌ക്കരണ ഇടപെടലുകള്‍ മാലിന്യമുക്തം നവകേരളം കോ-കോര്‍ഡിനേറ്റര്‍ എച്ച്.കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
ഓരോ തദ്ദേശസ്ഥാപന തലത്തിലും ഹരിത കേരളം മിഷന്‍ കാര്‍ബണ്‍തുലിത നിര്‍വഹണ രൂപരേഖ തയ്യാറാക്കും. വിപുലമായ ഊര്‍ജ്ജ സംരക്ഷണ ക്ലാസുകള്‍, അംഗന്‍ ജ്യോതിയുടെ ഭാഗമായി അങ്കണ്‍വാടി തല ക്ലാസ്സുകള്‍, ഘടക സ്ഥാപന യൂണിറ്റുകളില്‍ ഊര്‍ജ്ജ ഓഡിറ്റ്, ഗതാഗത രംഗത്ത് ഹരിത സാരഥി ക്ലാസുകള്‍, മില്ലറ്റ് കൃഷി ശാസ്ത്രീയ കൃഷിമുറ മാതൃക തോട്ടങ്ങള്‍, ജൈവ ദ്രവ മാലിന്യ സംസ്‌കരണ ഉപാധികള്‍ ഉപയോഗപ്പെടുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. യോഗത്തിന് ജൂനിയര്‍ സൂപ്രണ്ട് ഇ.മനോജ് കുമാര്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *