മോസ്‌കോ: 969 കിലോ ഭാരമുള്ള മത്തങ്ങയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. റഷ്യയിലെ മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അപ്പോത്തിക്കിരി ഗാര്‍ഡന്‍സില്‍ നടന്ന ‘ഭീമാകാര പച്ചക്കറികളുടെ’ പ്രദര്‍ശനത്തിലാണ് ഈ ഭീമന്‍ മത്തങ്ങയും ഇടംപിടിച്ചത്. വെറുതെയങ്ങ് പ്രദര്‍ശിപ്പിച്ച് പോകുകയല്ല, ദേശീയ റെക്കോര്‍ഡും ഈ മത്തങ്ങ സ്വന്തമാക്കിയത്രെ.
അലക്‌സാണ്ടര്‍ ചുസോവ് എന്ന റഷ്യക്കാരന്റെ കൃഷിയിടത്തിലാണ് ഈ ഭീമന്‍ മത്തങ്ങയുണ്ടായത്. വലിയ മത്തങ്ങകള്‍ തമ്മില്‍ ക്രോസ് ബ്രീഡ് ചെയ്തും കൃത്യമായ വളമിടല്‍ രീതികള്‍ അനുവര്‍ത്തിച്ചുമാണ് ചുസോവ് ഈ മത്തങ്ങ തയാറാക്കിയത്. കഴിഞ്ഞ വര്‍ഷം 817 കിലോയുള്ള ഒരു മത്തങ്ങയും ചുസോവ് കൊണ്ടുവന്നിരുന്നു. എന്നാല്‍ ഇത്തവണ അപ്പോത്തിക്കിരി ഗാര്‍ഡന്‍സിലെത്തിച്ച മത്തങ്ങ റഷ്യയില്‍ ഇതുവരെ വിളഞ്ഞതില്‍ ഏറ്റവും വലുതാണ്. ക്രെയിന്‍ ഉപയോഗിച്ചാണ് ഈ മത്തങ്ങ തൂക്കി നോക്കിയത്. ഭീമന്‍ മത്തന് പുറമേ അമിത വലുപ്പമുള്ള തണ്ണി മത്തനും ഉള്ളികളും തുടങ്ങി അനേകം പച്ചക്കറികള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു.
മത്തങ്ങകളിലെ വമ്പന്‍മാരാണ് ഭീമന്‍ മത്തങ്ങകള്‍ അഥവാ ജയന്റ് പംപ്കിന്‍. 68 കിലോ മുതല്‍ 1000 കിലോ വരെയൊക്കെ ഇവയ്ക്കു ഭാരം വയ്ക്കാം. വടക്കേ അമേരിക്കയിലാണ് ഇത്തരം മത്തങ്ങകള്‍ വളര്‍ത്തുന്നത്. ഹാലോവീന്‍ ആഘോഷത്തിനും മറ്റും ജാക്ക് ഓ ലാന്റേണ്‍ എന്ന വിളക്ക് തയാര്‍ ചെയ്യുന്നതിനായി വലുപ്പം കൂടിയ മത്തങ്ങകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ സാദാ മത്തങ്ങകളിലെ വലുപ്പമേറിയവയാണ്. ജയന്റ് പംപ്കിനുകള്‍ പൊതുവെ പ്രദര്‍ശനത്തിനും മത്സരങ്ങള്‍ക്കുമായിട്ടാണ് ആളുകള്‍ വളര്‍ത്തുന്നത്. ഇവയെ ഭക്ഷിക്കാറില്ല. രുചികുറഞ്ഞതും താഴ്ന്ന ഭക്ഷ്യനിലവാരവുമാണ് ഇതിനു കാരണം.
റഷ്യയിലെ ഏറ്റവും വലിയ മത്തങ്ങയാണു ചുസോവിന്റേതെങ്കിലും ലോകറെക്കോര്‍ഡ് ഇതിനൊന്നുമല്ല. അതു യുഎസില്‍ നിന്നുള്ള ട്രാവിസ് ഗീംഗര്‍ എന്ന വ്യക്തിക്കു സ്വന്തമാണ്. ഗീംഗര്‍ വളര്‍ത്തിയ മത്തങ്ങയ്ക്ക് 1247 കിലോ ഭാരം വച്ചിരുന്നു.