തിരുവനന്തപുരം: ഓണക്കിറ്റ് ഈ മാസം 26 മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ജിആര്‍ അനില്‍. പതിനാലിനം ഭക്ഷ്യ ഉല്‍പന്നങ്ങളടങ്ങിയ ഓണക്കിറ്റാണ് ഇത്തവണ റേഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. നാലാം തീയതിയോടെ ഓണക്കിത്തിന്റെ വിതരണം പൂര്‍ത്തിയാക്കും. ആറുലക്ഷത്തില്‍ പരം എഎവൈ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കുമാണ് ഭക്ഷ്യക്കിറ്റ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിപിഎല്‍-എപിഎല്‍ കാര്‍ഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും. 250-ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകള്‍ ലഭിക്കും. പുതിയതായി പുറത്തിറക്കിയ സാധങ്ങള്‍ ഓണം പ്രമാണിച്ച് വലിയ വിലക്കുറവില്‍ ലഭിക്കും. അരിപ്പൊടി, ഉപ്പ്, പഞ്ചസാര, മട്ട അരി, പായസം മിക്‌സ് എന്നീ നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ കിട്ടും. അടുത്ത മാസത്തെ സബ്‌സിഡി ഉല്‍പന്നങ്ങള്‍ ഈ മാസം 25 മുതല്‍ വില്‍പ്പന തുടങ്ങും. വെളിച്ചെണ്ണയുടെ വില മാര്‍ക്കറ്റില്‍ കുറച്ചുകൊണ്ടു വരാനുള്ള കാര്യങ്ങള്‍ അന്തിമഘട്ടത്തിലാണ് അതിനാല്‍ 25-ഓടെ വെളിച്ചെണ്ണ വില കുറയുമെന്നും മന്ത്രി പറഞ്ഞു.