മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. അടുത്തിടെ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പടര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹം സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു.
ഇപ്പോഴിതാ നടന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരി പുത്രനും നടനുമായ അഷ്‌കര്‍ സൗദാന്‍. മമ്മൂക്കയ്ക്ക് സുഖമാണെന്നും അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനം ഒരു ഗ്രാന്‍ഡ് എന്‍ട്രി പ്രതീക്ഷിക്കാമെന്നും അഷ്‌കര്‍ പറഞ്ഞു.
‘മമ്മൂക്ക ഹാപ്പി ആയി ഇരിക്കുന്നു. ഇപ്പോള്‍ ബെറ്റര്‍ ആണ്. സെപ്റ്റംബര്‍ ഏഴിന് മമ്മൂക്കയുടെ പിറന്നാള്‍ ആണ്. ഒരു വരവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന് അത്ര വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഇപ്പോള്‍ ഒന്ന് റസ്റ്റ് എടുക്കുന്നു, അത്രമാത്രം. പക്ഷെ അദ്ദേഹം വരുമ്പോള്‍ അത് അതുക്കും മേലെയാകും’, അഷ്‌കര്‍ പറഞ്ഞു
അതേസമയം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം, നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്.