പനത്തടി : സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട്. വര്‍ഷങ്ങളായി അതായിരുന്നു മാധവന്റെ സ്വപ്നം. എന്നാല്‍ താമസിക്കുന്ന ഭൂമിക്ക് രേഖ ഇല്ലാത്തതിനാല്‍ സര്‍ക്കാറിന്റെ ഭവന പദ്ധതിയിലേക്ക് അപേക്ഷ നല്‍കാന്‍ പോലും മാധവന് കഴിയുമായിരുന്നില്ല. 50 വര്‍ഷക്കാലമായി ഭൂമി കുടുംബത്തിന്റെ കൈവശമുണ്ടെങ്കിലും പട്ടയം ലഭിക്കാത്തതിനാല്‍ സര്‍ക്കാരിന്റെ ഒരു ഭവന പദ്ധതിയിലും ഉള്‍പ്പെടാന്‍ മാധവന് സാധിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് പച്ചകട്ട കൊണ്ട് ഭിത്തിയും, ഓല മേഞ്ഞ മേല്‍ക്കൂ യോടുകൂടിയതുമായ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീട്ടിലാണ് പനത്തടി പൂടംകല്ലടുക്കത്തെ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട മാധവനും ഭാര്യയും മൂന്ന് മക്കളും അടങ്ങിയ കുടുംബം താമസിച്ചു വന്നിരുന്നത്. സ്വന്തമായി റേഷന്‍ കാര്‍ഡോ, ആധാര്‍ കാര്‍ഡോ മറ്റു രേഖകളോ മാധവന് ഉണ്ടായിരുന്നില്ല. ഭവന പദ്ധതിയില്‍ വീട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടപ്പോഴാണ് മാധവന്റെ പ്രശ്‌നങ്ങള്‍ വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാലിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് മെമ്പറുടെ ശ്രമഫലമായി താലൂക്ക് സപ്ലേ ഓഫീസുമായി ബന്ധപ്പെട്ട് മാധവന് റേഷന്‍ കാര്‍ഡ് അനുവദിച്ചു കിട്ടി. തുടര്‍ന്ന് ആധാര്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് രേഖകളും ശരിയാക്കി. മാധവന്റെ ജീവിതാവസ്ഥ മനസ്സിലാക്കിയ പഞ്ചായത്ത് ഭരണസമിതി മാധവനെ പഞ്ചായത്തിലെ അതിദരിദരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, ലൈഫ് ഭവന പദ്ധതിയില്‍ സ്ഥലവും വീടും അനുവദിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂമി വാങ്ങാനുള്ള പണം പഞ്ചായത്തിന് കണ്ടെത്തുവാന്‍ സാധിക്കാത്തതിനാല്‍ ഈ പദ്ധതിയിലും മാധവന് വീട് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ആറ് മാസങ്ങള്‍ക്ക് മുമ്പ് വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാലിന്റെ സഹായത്തോടെ മാധവന്റെ കൈവശത്തിലുള്ള സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിനായി ലാന്‍ഡ് ട്രിബ്യൂണലിന് അപേക്ഷ നല്‍കുകയും, വാര്‍ഡ് മെമ്പര്‍ വിഷയം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യൂ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ അധികൃതര്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കുകയും മാധവന് പട്ടയം അനുവദിക്കുകയും ചെയ്തു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍ എന്നിവരോടൊപ്പം കാസറഗോഡ് ലാന്റ് ടൈബ്യൂണല്‍ ഓഫീസിലെത്തിയ മാധവന്‍ പട്ടയം കൈപ്പറ്റി. കൈവശഭൂമിക്ക് പട്ടയം ലഭിച്ചതോടുകൂടി കുടുംബത്തിന്റെ ചിരകാലാഭിലാഷമായ വീട് സാധ്യമാകും എന്നുള്ള പ്രതീക്ഷയിലാണ് മാധവന്‍. ഇതിന് വേണ്ടി തന്നെ സഹായിച്ച മുഴുവന്‍ ആളുകള്‍ക്കും നന്ദി പറയുകയാണ് മാധവനും കുടുംബവും.