ഫാക്ടറിയില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിട്ടതിനെതിരെ നടപടിയുമായി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്; 50000 രൂപ പിഴ ചുമത്തി

വോര്‍ക്കാടി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കെദുമ്പാടിയില്‍ ഏതാനും വീടുകളിലെ കിണറുകളിലെ വെള്ളത്തില്‍ കളര്‍ വ്യത്യാസം വരുന്നുവെന്നും സമീപത്തുള്ള അരുവിയിലൂടെ കറുത്ത നിറത്തിലുള്ള മലിനജലം ഒഴുകുന്നുവെന്നുമുള്ള വിവരത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കെതുമ്പാടിയില്‍ സംസ്ഥാന അതിര്‍ത്തിയില്‍ കര്‍ണാടക പരിധിയില്‍ മഞ്ചേശ്വരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കശുവണ്ടി തൊലിയില്‍ നിന്നും എണ്ണ ഉല്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്നുള്ള മലിനജലമാണ് താഴ് ഭാഗത്തുള്ള ചെങ്കല്‍ പണയിലൂടെ ഒഴുക്കിവിട്ട് പരിസര മലിനീകരണത്തിനും മുടിമാര്‍ തോടിലൂടെ പൊസോട്ട് നദിയിലേക്ക് എത്തിച്ചേരുന്നതിനും കാരണമാകുന്നത്.

ഒരു വര്‍ഷത്തോളമായി സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും സ്ഥാപനത്തിലെ മലിനജല സംസ്‌കരണത്തിനുള്ള പ്ലാന്റ് ആവശ്യമായ മോട്ടോറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തന ക്ഷമമാക്കിയിട്ടില്ല. നിയമ ലംഘനത്തിന് ഉടമയ്ക്ക് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 50,000 രൂപ പിഴ ചുമത്തുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. പ്ലാന്റില്‍ നിന്നുള്ള മലിനജലം ഫാക്ടറി പരിസരത്തു തന്നെ സംസ്‌കരിക്കുന്നതിനും ആവശ്യമെങ്കില്‍ ജില്ലാ ഭരണകൂടം മുഖേന സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡുമായി ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത്ത് എച്ച്, അസിസ്റ്റന്റ് സെക്രട്ടറി ഐത്തപ്പ നായിക്ക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജാസ്മിന്‍ കെ, ക്ലാര്‍ക്ക് ഹരിത ആര്‍, സ്‌ക്വാഡ് അംഗം ടി.സി ഷൈലേഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *