ട്രിപ്പിള്‍ സെഞ്ച്വറിയുമായി സച്ചിന്‍ സുരേഷ്

തിരുവനന്തപുരം : തിരുവനന്തപുരം എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് മല്‌സരത്തിനിടെ ചരിത്ര നേട്ടവുമായി AGORC താരം സച്ചിന്‍ സുരേഷ്. രഞ്ജി ക്രിക്കറ്റ് ക്ലബ്ബുമായുള്ള മല്‌സരത്തില്‍ സച്ചിന്‍ 334 റണ്‍സ് നേടി. ഒരു കേരള താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഇത്. മല്‌സരത്തില്‍ AGORC ഒരിന്നിങ്‌സിന്റെയും 324 റണ്‍സിന്റെയും വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് 187 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ AGORC സച്ചിന്‍ സുരേഷിന്റെയും സാലി വിശ്വനാഥിന്‍്രെയും ഉജ്ജ്വല ഇന്നിങ്‌സുകളുടെ മികവില്‍ അഞ്ച് വിക്കറ്റിന് 613 റണ്‍സ് നേടി. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് 102 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

വെറും 197 പന്തുകളില്‍ നിന്നായിരുന്നു സച്ചിന്‍ 334 റണ്‍സ് നേടിയത്. 27 ബൌണ്ടറികളും 24 സിക്‌സും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്‌സ്. ഇന്ത്യന്‍ താരം സഞ്ജു സാംസന്റെ സഹോദരന്‍ സാലി വിശ്വനാഥ് സച്ചിന് മികച്ച പിന്തുണ നല്കി. സാലി 118 പന്തുകളില്‍ നിന്ന് 148 റണ്‍സ് നേടി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 403 റണ്‍സ് പിറന്നു. ഒരു വിക്കറ്റിന് 31 റണ്‍സെന്ന നിലയില്‍ നില്‌ക്കെയാണ് സച്ചിന്‍ ബാറ്റ് ചെയ്യാനെത്തിയത്. തുടക്കം മുതല്‍ തകര്‍ത്തടിച്ച സച്ചിന്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. സച്ചിന്റെ സ്‌കോറിങ്ങിന് തടയിടാന്‍ രഞ്ജി ക്രിക്കറ്റ് ക്ലബ്ബ് ക്യാപ്റ്റന്‍ അക്ഷയ് ശിവ് ബൌളര്‍മാരെ മാറിമാറി പരീക്ഷിച്ചു. എന്നാല്‍ പന്തെറിഞ്ഞ എട്ട് പേര്‍ക്കെതിരെയും തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിച്ച് സച്ചിന്‍ ബാറ്റിങ് തുടര്‍ന്നു. ഒടുവില്‍ കെ എസ് അഭിറാമിന്റെ പന്തില്‍ സ്റ്റംപ് ചെയ്യപ്പെട്ടാണ് സച്ചിന്‍ പുറത്തായത്.

കേരള ക്രിക്കറ്റിലെ ശ്രദ്ധേയരായ യുവതാരങ്ങളില്‍ ഒരാളാണ് സച്ചിന്‍. സച്ചിന്റെ ബാറ്റില്‍ നിന്നും ഇതു പോലുള്ള വെടിക്കെട്ട് ഇന്നിങ്‌സുകള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നത് ഇതാദ്യമാണ്. സി കെ നായിഡു ട്രോഫിയില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള സച്ചിന്‍ സെഞ്ച്വറിയും നേടിയിട്ടുണ്ട്. അടുത്തിടെ എന്‍എസ്‌കെ ട്രോഫിയില്‍ പത്തനംതിട്ടയ്‌ക്കെതിരെ പാലക്കാടിനായി 52 പന്തുകളില്‍ 132 റണ്‍സ് നേടി. ഇതേ ടൂര്‍ണ്ണമെന്റില്‍ മറ്റൊരു മല്‌സരത്തില്‍ അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കി. പാലക്കാട് നല്ലേപ്പള്ളി സ്വദേശികളായ സുരേഷും ബിന്ദുവുമാണ് സച്ചിന്റെ മാതാപിതാക്കള്‍. കേരള താരം സച്ചിന്‍ ബേബിയാണ് മെന്റര്‍.

Leave a Reply

Your email address will not be published. Required fields are marked *