ഡിജിറ്റല്‍ സര്‍വേ :കേരളം രാജ്യത്തിന് മാതൃക : റവന്യൂ മന്ത്രി കെ രാജന്‍ കോടോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ രാജന്‍ നാടിന് സമര്‍പ്പിച്ചു.

ഒറ്റ ചിപ്പില്‍
14 രേഖകള്‍ അടങ്ങിയ റവന്യൂ കാര്‍ഡ് ജനങ്ങള്‍ക്ക് ലഭ്യമാക്കും

കോടോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ രാജന്‍ നാടിന് സമര്‍പ്പിച്ചു.

എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ എന്ന ആശയം മുന്‍നിര്‍ത്തി കേരളം നടപ്പിലാക്കിയ ഡിജിറ്റല്‍ സര്‍വ്വേ രാജ്യം മാതൃക ആക്കണമെന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാഷണല്‍ സര്‍വ്വേ കോണ്‍ക്ലേവ് വിലയിരുത്തിയതായി റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍.
സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കോടോത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റൊരു സംസ്ഥാനത്തിനും സാധിക്കാത്ത തരത്തില്‍ വേഗതയിലും സുതാര്യമായും ജനപങ്കാളിത്തത്തോടും കൂടിയാണ് കേരളത്തില്‍ ഡിജിറ്റല്‍ റീസര്‍വേ നടക്കുന്നത്.
ഡിജിറ്റല്‍ സര്‍വ്വേയുടെ കാര്യത്തില്‍ ഇന്ത്യയെ നയിക്കാനുള്ള ചുമതല കേരളത്തിന്റെ റവന്യൂ വകുപ്പ് ഏറ്റെടുക്കണമെന്നാണ് രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത നാഷണല്‍ സര്‍വ്വേ കോണ്‍ക്ലേവില്‍ അഭിപ്രായപ്പെട്ടത്.
ഡിജിറ്റല്‍ സര്‍വേയിലൂടെ ഒന്നര വര്‍ഷത്തിനിടെ നാലരലക്ഷം ഹെക്ടര്‍ ഭൂമിയാണ് കേരളത്തില്‍ അളന്നു തീര്‍ത്തത്.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും വളരെ ഫലപ്രദമായി നടപ്പിലാക്കിയ പട്ടയ മിഷനുകളിലൂടെയും അദാലത്തുകളിലൂടെയും ഒമ്പത് വര്‍ഷത്തിനിടെ നാലു ലക്ഷത്തില്‍ പരം ഭൂവുടമകളെ ഉണ്ടാക്കാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സേവനങ്ങള്‍ കൂടുതല്‍ ഡിജിറ്റല്‍ ആക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ അറുന്നൂറോളം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജുകളായി ഉയരുന്നത്. ഇതിന്റെ ഭാഗമായി പൂര്‍ണ്ണമായും റവന്യൂ ഓഫീസുകളില്‍ നിന്ന് ലഭിക്കേണ്ട പതിനാലോളം രേഖകള്‍ ചിപ്പ് ഘടിപ്പിച്ച ഒറ്റ കാര്‍ഡില്‍ ഉള്‍പ്പെടുത്തി റവന്യൂ കാര്‍ഡുകളായി ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഡിജിറ്റല്‍ സംവിധാനങ്ങള്‍ സജീവമാകുന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഇ.പി. രാജ്‌മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി,കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് പി.ശ്രീജ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി ശ്രീലത,
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരന്‍ ,
വാര്‍ഡ് മെമ്പര്‍മാരായ പി.കുഞ്ഞികൃഷ്ണന്‍,സൂര്യ ഗോപാലന്‍ ,ആന്‍സി ജോസഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. ഗോവിന്ദന്‍ , ടി. കെ. രാമചന്ദ്രന്‍, എ. രാമചന്ദ്രന്‍ , പി സാജു ജോസഫ്, . രാധാകൃഷ്ണന്‍ , എ യു മത്തായി . എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് ആര്‍ഡിഒയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ ലിപു എസ് ലോറന്‍സ് സ്വാഗതവും വെള്ളരിക്കുണ്ട് താലൂക്ക് തഹസില്‍ദാര്‍ പി വി മുരളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *