റാണിപുരം : റാണിപുരം പാറക്കടവില്‍ ആന ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. തുടച്ചായ മൂന്നാം ദിവസമാണ് പാറക്കടവില്‍ ആന ഇറങ്ങുന്നത്. ഇന്നലെ രാത്രിയില്‍ പാറക്കടവിലെ കെ.പി സുകുമാരന്‍, പത്മരാജ്, പത്മകുമാര്‍, ബേബി കെ.പി എന്നിവരുടെ തെങ്ങ്, വാഴ തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. നേരത്തെ വനാതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളിലാണ് ആനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ ജനവാസ മേഖലകളിലേക്കിറങ്ങി കൃഷി നശിപ്പിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പാറക്കടവിനോട് ചേര്‍ന്ന കുണ്ടുപ്പള്ളിയില്‍ ആനല്യം രൂക്ഷമായിരുന്നെങ്കിലും, പ്രദേശത്തെ സോളാര്‍ വേലിയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചതോടുകൂടി ആനകള്‍ പാറക്കടവിലെ വേലി അവസാനിച്ച ഭാഗത്ത് കൂടി പാറക്കടവിലെ കൃഷിയിടങ്ങളിലേക്കെത്തുകയാണ്. സ്ഥലത്ത് വനംവകുപ്പിന്റെ നിരീക്ഷണം ഉണ്ടെങ്കിലും ആന അതെല്ലാം മറികടന്നാണ് കൃഷിസ്ഥലങ്ങളില്‍ എത്തി കൃഷി നശിപ്പിക്കുന്നത്. പ്രദേശത്തെ കാടുപിടിച്ചുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളാണ് ആനകള്‍ക്ക് തമ്പടിക്കാനുള്ള സ്ഥലങ്ങളായി മാറുന്നത്. ഇത്തരം സ്ഥലങ്ങളില്‍ ആനകള്‍ നിലയുറപ്പിക്കുന്നതിനാല്‍ അവയെ കണ്ടെത്തിതുരത്തി ഓടിക്കുന്നതും അത്ര എളുപ്പമല്ല. വര്‍ഷങ്ങളായി കാട് വെട്ടുതെളിക്കാത്ത പ്രദേശങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സോളാര്‍ ഫെന്‍സിങ്ങ് സ്ഥാപിക്കുവാന്‍ അധികൃതര്‍ തീരുമാനം എടുത്തിരുന്നുവെങ്കിലും പ്രദേശത്തെ ചില കര്‍ഷകരുടെ എതിര്‍പ്പ് മൂലം മുഴുവന്‍ പ്രദേശവും ഉള്‍പ്പെടുത്തി പെന്‍സിംഗ് നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. പ്രദേശത്തെ കാടുകള്‍ വെട്ടിത്തെളിക്കുക മാത്രമാണ് ആനകള്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങാതിരിക്കാന്‍ ഉള്ള പരിഹാരമായി നാട്ടുകാര്‍ പറയുന്നത്. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് കര്‍ഷകരായ എംകെ സുരേഷ്, അജി ജോസഫ്, പി യോഗേഷ് കുമാര്‍ എന്നിവര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദിനെ കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത്, റവന്യൂ, വനം വകുപ്പുദ്യോഗസ്ഥരുടേയും പ്രദേശത്തെ കര്‍ഷകരുടേയും അടിയന്തിര യോഗം നാളെ ഉച്ചയ്ക്ക് 2 മണിക്ക് പാറക്കടവില്‍ വിളിച്ച് ചേര്‍ക്കുന്നത്.